നാലാം വര്‍ഷത്തിലേക്ക് കടന്ന പിണറായി സര്‍ക്കാര്‍ ഇന്ന് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കും. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയാണ് റിപ്പോര്‍ട്ടായി വൈകീട്ട് ഇറക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ ഭരിക്കാനുള്ള അര്‍ഹത നഷ്ടപ്പെട്ട സര്‍ക്കാര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഇറക്കുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്‍റെ നാലാം വാര്‍ഷികം ആഘോഷിച്ചിരുന്നില്ല. എന്നാല്‍, മൂന്ന് വര്‍ഷത്തെ പ്രോഗസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കല്‍ ആഘോഷമായാണ് നടത്തുന്നത്. നിശാഗന്ധി ഓഡിറ്റോറയത്തില്‍ സ്പീക്കര്‍ക്ക് നല്‍കി മുഖ്യമന്ത്രി പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കും.മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങില്‍ സ്റ്റീഫന്‍ ദേവസ്സി ഒരുക്കുന്ന കലാവിരുന്നുമുണ്ട്.
എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ എത്രത്തോളും ഇതുവരെ നടപ്പാക്കി എന്ന് വിശദീകരിച്ചാകും പ്രോഗ്രസ്സ് റിപ്പോര്‍ട്ട്. തൊഴില്‍ നല്‍കിയതിന്‍റെ വിവരങ്ങളും പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭക്കണക്കും റിപ്പോര്‍ട്ടിലുണ്ടാകും. അതേ സമയം മൂന്ന് വര്‍ഷം കൊണ്ട് ഒരു നേട്ടവും ഉണ്ടാക്കാത്ത സര്‍ക്കാരിനെ ജനം തള്ളിക്കളഞ്ഞെന്നും അതാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.

