Monday, May 20, 2024
spot_img

സർക്കാരിനെതിരെ ആഞ്ഞടിച്ച് സാബു എം ജേക്കബ്; തന്നെ ചവിട്ടിപുറത്താക്കിയെന്ന് കിറ്റെക്സ് എം.ഡി

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കിറ്റെക്‌സ് എംഡി.പതിനായിരങ്ങള്‍ക്ക് ജോലി നല്‍കണമെന്ന് ആഗ്രഹിച്ച തന്നെ, കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കുകയായിരുന്നുവെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പറഞ്ഞു. 3,500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. കേരളം വിട്ടുപോകാന്‍ ആഗ്രഹിച്ചിരുന്നില്ല. സര്‍ക്കാരിന്റെ സമീപനം മാറണം, വ്യവസായ സൗഹൃദമെന്ന് പത്ത് പ്രാവശ്യം പറഞ്ഞാല്‍ അതാകില്ല എന്നും അദ്ദേഹം തുറന്നടിച്ചു. നിക്ഷേപവുമായി ബന്ധപ്പെട്ട് തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലേക്ക് പോകുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വികസനപ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞ തന്നെ കേരളത്തിൽ നിന്ന് മൃഗത്തെ പോലെ ആട്ടിയോടിക്കുകയായിരുന്നു സംസ്ഥാന സർക്കാർ ചെയ്തത്. മറ്റൊരു വ്യവസായിക്കും ഇങ്ങനെ ഒരു ഗതി വരരുത്. കഴിഞ്ഞ കുറെ ദിവസം വേദന അനുഭവിച്ചു. ഇനി ഇത് സാധിക്കില്ല. വ്യവസായം തുടങ്ങുന്ന കാര്യത്തില്‍ കേരളത്തില്‍ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പുതിയ തലമുറയുടെ ഭാവി ആപത്തിലെന്നും സാബു എം ജേക്കബ് മുന്നറിയിപ്പ് നല്‍കി. മറ്റു സംസ്ഥാനങ്ങള്‍ ഏറെ മാറിയിട്ടും കേരളം മാറിയിട്ടില്ല എന്നും കിറ്റെക്സ് എം.ഡി പറഞ്ഞു. ‘വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ’യാണ് കേരത്തിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

‘എത്രനാള്‍ ആട്ടും തുപ്പും സഹിച്ച് ഇവിടെ നില്‍ക്കാന്‍ സാധിക്കും. പതിനായിരങ്ങള്‍ക്ക് ജോലി നല്‍കണമെന്നത് വലിയ സ്വപ്‌നമായിരുന്നു. ആട്ടിയോടിക്കുകയാണ് ഉണ്ടായത്. ഞാന്‍ സ്വന്തമായി പോകുന്നതല്ല. എന്നെ ആട്ടിയോടിക്കുകയായിരുന്നു. വലിയ വേദനയുണ്ട്. എനിക്ക് ഉണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാവാന്‍ പാടില്ല. ജീവന്‍ പണയം വച്ചും ബിസിനസ് ചെയ്യുന്നവര്‍ എന്തു ചെയ്യും. ഇക്കാര്യങ്ങളെല്ലാം ചിന്തിക്കണം’. ‘ഇത് മലയാളികളുടെ പ്രശ്‌നമാണ്. യുവതീയുവാക്കളുടെ പ്രശ്‌നമാണ്. മാറ്റം വന്നില്ലെങ്കില്‍ വലിയൊരു ആപത്തിലേക്ക് പോകും. എനിക്ക് യാതൊരു പ്രശ്‌നവുമില്ല. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച് എന്ന് അറിഞ്ഞ് ആരും തിരിഞ്ഞുനോക്കിയില്ല.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആരും വിളിച്ചില്ല. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിക്ഷേപം ക്ഷണിച്ച് വിളി വന്നു. തെലങ്കാന സർക്കാർ സ്വകാര്യ ജെറ്റ് അയച്ചിരിക്കുകയാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് തെലങ്കാന.’- എന്നും സാബു എം ജേക്കബ് പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles