Wednesday, May 15, 2024
spot_img

നീണ്ട അനിശ്ചിതത്വത്തിനും നാടകീയതക്കുമൊടുവിൽ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം: സർക്കാരിനെതിരെ ആഞ്ഞടിക്കാൻ കരുക്കൾ നീക്കി പ്രതിപക്ഷം; ഗവർണറുടെ നയപ്രഖ്യാപനത്തിന് കാതോർത്ത് കേരളം

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും(Kerala Legislative Assembly Begins Today). നീണ്ട അനിശ്ചിതത്വത്തിനും നാടകീയതക്കുമൊടുവിലാണ് ഇന്ന് സമ്മേളനം ആരംഭിക്കുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാം സമ്മേളനത്തിന് തുടക്കമാവുക. അതേസമയം സംഭവബഹുലമായ കാര്യങ്ങളാണ് ഇന്നലെ നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുഭരണ വകുപ്പ് സെക്രട്ടറിയെ സര്‍ക്കാര്‍ ഇന്നലെ മാറ്റിയിരുന്നു.

ഗവര്‍ണറുടെ പഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ വിയോജനക്കുറിപ്പ് ഏഴുതിയ കെ.ആര്‍.ജ്യോതിലാലിനെയാണ് മാറ്റിയത്. പകരം ശാരദ മുരളീധരന് ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഫോണില്‍ വിളിച്ച് ഗവര്‍ണറെ അറിയിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിടുകയായിരുന്നു. രണ്ടുഘട്ടങ്ങളിലായി മാർച്ച് 23 വരെയാണ് സഭ സമ്മേളിക്കുക. മാർച്ച് 11 ന് അവതരിപ്പിക്കുന്ന ബജറ്റാണ് ഈ സമ്മേളനത്തിലെ പ്രധാന അജണ്ട.

നിയമസഭാ സമ്മേളനം ചേരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് എടുത്തിരുന്നു. ഗവര്‍ണര്‍ ഒപ്പിടാതെ വന്നതോടെ മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനില്‍ എത്തിയിരുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം പിടിച്ച് വച്ചത്. പിണറായി വിജയന്‍ നേരിട്ടെത്തി കണ്ടിട്ടും ഗവര്‍ണര്‍ പിന്നോട്ട് പോകാന്‍ തയാറായില്ല. തുടര്‍ന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി മാറ്റിയ തീരുമാനം അറിയിച്ചതോടെയാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. കേരളത്തില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നത് നിയമ വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ നിലപാട്.

എന്നാൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത് അംഗീകരിക്കാനാവില്ല. പേഴ്‌സണല്‍ സ്റ്റാഫായി വെറും രണ്ടു വര്‍ഷം തികച്ചവര്‍ക്ക് കേരളത്തില്‍ പെന്‍ഷന് അര്‍ഹതയുണ്ട്. ഇത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് അദേഹം പറഞ്ഞിരുന്നു. കേന്ദ്രത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കില്ല.

പേഴ്‌സണല്‍ സ്റ്റാഫ് പദവിയില്‍ നിന്ന് രാജിവെച്ച് ഇവരെല്ലാം വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെയെത്തി പ്രവര്‍ത്തിക്കുന്നു. ഇപ്രകാരം പാര്‍ട്ടി കേഡറുകളെ വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ല. സംസ്ഥാനത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച് അടുത്തകാലത്താണ് അറിഞ്ഞത്. രണ്ട് വര്‍ഷത്തിന് ശേഷം പെന്‍ഷന്‍ നല്‍കുന്ന ഇത്തരം പേഴ്‌സണല്‍ സ്റ്റാഫ് നിയമനം നാണംകെട്ട ഏര്‍പ്പാടാണെന്നും ഗവർണർ തുറന്നടിച്ചിരുന്നു. അതേസമയം ലോകായുക്താ ഓർഡിനൻസും കെഎസ് ഇ ബി വിവാദവും, എം ശിവശങ്കറിന്റെ ആത്മകഥയും അതിനോടുളള സ്വപ്നാസുരേഷിന്റെ മറുപടിയും ഉൾപ്പെടെ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷത്തിൻന്റെ ആവനാഴിയിൽ അമ്പുകളേറെയാണ്. പ്രതിപക്ഷ ആക്രമണങ്ങളുടെ മുനയൊടിക്കാൻ സർവായുധ സന്നദ്ധരാണ് ഭരണപക്ഷവും. ചുരുക്കത്തിൽ ഭരണ പ്രതിപക്ഷ വാക്‌പോരിൽ സഭാതലം പ്രക്ഷുബ്ധമാകുമെന്നുറപ്പ്. ലോകായുക്ത ഓർഡിനൻസിനെ അതിശക്തമായി എതിർക്കുന്ന സി.പി.ഐ. സഭയിൽ എന്തുനിലപാട് സ്വീകരിക്കുമെന്നതും ഈ സമ്മേളന കാലയളവിലെ ശ്രദ്ധേയ ഘടകമാണ്.

Related Articles

Latest Articles