Saturday, May 18, 2024
spot_img

“കെഎസ്ഇബി പ്രവർത്തിച്ചത് പാർട്ടി ഓഫീസ് പോലെ, നടന്നത് വൻ അഴിമതി; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെഎസ്ഇബി പ്രവർത്തിച്ചത് പാർട്ടി ഓഫീസ് പോലെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ(VD Satheesan Against Kerala Government). പ്രതിപക്ഷം ഉന്നയിച്ച ട്രാൻസ്ഗ്രിഡ് പദ്ധതി അഴിമതി ഇപ്പോൾ വ്യക്തമായിരിക്കുന്നുവെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടെൻഡർ വിശദാംശങ്ങൾ എഞ്ചിനീയർമാർ തന്നെ ചോർത്തി കൊടുക്കുന്നുവെന്ന് ചെയർമാൻ തന്നെ പറയുന്നു. വൈദ്യുതി ബോർഡിൽ കഴിഞ്ഞ അഞ്ചര വർഷമായി നടക്കുന്നത് കടുത്ത അഴിമതിയാണ്. മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും ഇക്കാര്യങ്ങൾ വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.

ഈ ആരോപണങ്ങൾക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. അഴിമതി കൊണ്ട് ഉണ്ടാകുന്ന നഷ്ടം വൈദ്യുതി ചാർജ് കൂട്ടി ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുന്നുവെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
എന്നാൽ വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി ചെയർമാൻ ബി അശോക് പറഞ്ഞ ഒന്നും നിഷേധിച്ചിട്ടില്ലെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി. എല്ലാം തള്ളിയത് പഴയ മന്ത്രിയാണ്. ട്രാൻസ്ഗ്രിഡ് അഴിമതി ഉന്നയിച്ചപ്പോഴും ഇങ്ങനെയാണ് മറുപടി നൽകിയത്. പുതിയ മന്ത്രി കൃഷ്ണൻകുട്ടിയെ എംഎം മണി ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കഴിഞ്ഞ ഇടത് സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുതി ബോര്‍ഡില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നെന്ന കെഎസ്ഇബി ചെയര്‍മാന്‍റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് മുന്‍ വൈദ്യുതി മന്ത്രി എം.എം മണി രംഗത്തെത്തിയത്. തന്‍റെ കാലത്ത് നടന്നതെല്ലാം നിയമപരമാണെന്നും കെ.എസ്.ഇ.ബിയുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു അതെന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോഴത്തെ വകുപ്പ് മന്ത്രിയുടെ അറിവോടെയാണോ ചെയര്‍മാന്‍റെ ആരോപണങ്ങളെന്നും അതോ മന്ത്രി പറഞ്ഞതനുസരിച്ചാണോ ചെയര്‍മാന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തിയെന്നും എം.എം മണി ചോദിച്ചു.

Related Articles

Latest Articles