തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഒന്നാം ഘട്ടം, ഡിസംബർ 8നും രണ്ടാം ഘട്ടം ഡിസംബർ 10നും മൂന്നാം ഘട്ടം ഡിസംബർ 14നും നടക്കും. ഡിസംബർ 8ന് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും നടക്കുക. കോട്ടയം, എറണാകുളം, തൃശൂർ,പാലക്കാട്, വയനാട് ജില്ലകളിൽ ഡിസംബർ പത്ത് വ്യാഴാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മൂന്നാംഘട്ടമായി ഡിസംബർ 14നാണ് വോട്ടെടുപ്പ്. ഡിസംബർ 16 ബുധനാഴ്ച വോട്ടെണ്ണൽ നടക്കും. കൊവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്‌ക്കരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നവംബർ പന്ത്രണ്ടിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. നവംബർ 19 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്‌മ പരിശോധന നവംബർ 20ന് നടക്കും. നവംബർ 23 ആണ് പത്രിക പിൻവലിക്കാനുളള അവസാന തീയതി. ഡിസംബർ 14ന് വോട്ടെണ്ണൽ കഴിഞ്ഞാൽ ക്രിസ്തുമസിന് മുമ്പായി പുതിയ ഭരണസമിതികൾ നിലവിൽ വരും.
സംസ്ഥാനത്ത് 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമ പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 86 മുൻസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 21,865 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 4,744 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ പരിശോധന നവംബർ പത്തിനകം പൂർത്തിയാക്കും. കൊവിഡ് പോസിറ്റീവ് ആകുന്നവർക്കും ക്വാറന്റീൻ ആകുന്നവർക്കും പോസ്റ്റൽ വോട്ടിംഗിനുളള സൗകര്യമുണ്ടാകും. മൂന്ന് ദിവസത്തിന് മുമ്പ് തപാൽ വോട്ടിനായി അപേക്ഷിക്കണം.
നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ കാലാവധി ഈ മാസം 11 ന് അവസാനിക്കും. 1995 മുതൽ നടന്ന 5 തദ്ദേശ തിരഞ്ഞെടുപ്പുകളും 2 ദിവസങ്ങളിലായാണു നടന്നത്. ആദ്യ 3 തിരഞ്ഞെടുപ്പുകൾ സെപ്റ്റംബറിലും 2010 ലേത് ഒക്ടോബർ അവസാന വാരവും കഴിഞ്ഞ തവണ നവംബർ ആദ്യവാരവുമാണു നടന്നത്.

