Sunday, May 19, 2024
spot_img

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്; തുടർച്ചയായി അഞ്ചാം ദിവസവും മഴ ശക്തം, ഇത് പ്രളയത്തിന്റെ തുടക്കമോ?

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാംദിനവും മഴ ശക്തം. ഇന്നും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ മഴയിൽ വ്യാപക നാശനഷ്ട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് പയ്യാനക്കലിൽ നൂറിലധികം വീടുകളിൽ വെള്ളംകയറി. ആലപ്പുഴ ആറാട്ടുപുഴയിൽ കടൽക്ഷോഭമുണ്ടായി. ഈ സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നൽകി.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വടക്കന്‍ കേരളത്തിലാണ് ഇന്ന് മഴ രൂക്ഷമാകുന്നത്. 207 മില്ലീമീറ്റര്‍ മഴ അവിടെ പെയ്തിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മഴ കിട്ടിയത് കണ്ണൂര്‍ ജില്ലയിലെ ചെറുതാഴത്താണ്. ആലപ്പുഴ ആറാട്ടുപുഴ വലിയഴീക്കൽ പാലത്തിന് സമീപമുള്ള പ്രദേശത്ത് കടൽ കയറി. അപ്രോച്ച് റോഡിലും വെള്ളം കയറിയതോടെ ഇതു വഴിയുള്ള ഗതാഗതം ദുഷ്കരമായി. പെരുമ്പാടി, തറയിൽകടവ് പ്രദേശങ്ങളിലും വെള്ളം കയറി.

അതേസമയം, മഴ കനക്കുന്നതിനാൽ ആവശ്യമായ ഇടങ്ങളിൽ ക്യാമ്പുകൾ ഉടൻ ആരംഭിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറിൽ കണ്ണൂർ ചെറുത്താഴത്ത് 213 മില്ലീമീറ്റർ മഴ ആണ് രേഖപ്പെടുത്തിയത്. അതേസമയം കടലിൽ പോകരുതെന്ന നിർദേശം ലംഘിച്ച് കടലിൽ പോയ മൂന്നു മത്സ്യ തൊഴിലാളികൾ കടലിൽ കുടുങ്ങുകയും തുടർന്ന് വിഴിഞ്ഞം കോസ്റ്റൽ പോലീസ് മൂന്നുപേരെയും രക്ഷിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles