തിരുവനന്തപുരം: പൊതുവിപണിയിൽ നിന്ന് 3000 കോടി രൂപകൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാണ് കടമെടുക്കുന്നത്. 11000 ത്തിലധികം സർക്കാർ ജീവനക്കാരാണ് കഴിഞ്ഞ മാസം സർവ്വീസിൽ നിന്ന് വിരമിച്ചത്. ഇവരുടെ ആനുകൂല്യങ്ങൾ കൊടുത്തുതീർക്കണമെങ്കിൽ 3000 കോടിരൂപ വേണമെന്നാണ് കണക്ക്. കടപ്പത്രങ്ങളുടെ ലേലം റിസർവ് ബാങ്ക് കോർ ബാങ്കിങ് സംവിധാനമായ ഇ കുബേർ വഴി നടക്കും. ഇതോടെ സംസ്ഥാന സർക്കാരിന്റെ നടപ്പു സാമ്പത്തിക വർഷത്തെ കടമെടുപ്പ് 10000 കോടിയാകും.
ഏപ്രിൽ മാസത്തിൽ 2000 കോടിയും മെയ് മാസത്തിൽ 5000 കോടിയും കടമെടുത്തിരുന്നു. ഇതിന് പുറമെയാണ് 3000 കോടികൂടേ കടമെടുക്കുന്നത്. ഇക്കൊല്ലം ഡിസംബർ വരെ 29529 കോടിരൂപയാണ് കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഈ പരിധി ഡിസംബറിനും വളരെ നേരത്തെ കഴിയാനാണ് സാധ്യത. കഴിഞ്ഞ വർഷവും സമാനമായി ഓണത്തിന് മുമ്പ് തന്നെ കേരളം കടമെടുപ്പ് പരിധി കടന്നിരുന്നു. ഓണച്ചെലവുകൾക്കായി കേന്ദ്രം 4200 കോടിരൂപ പ്രത്യേകം അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം 37512 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിരുന്നു. എന്നാൽ പലയിനങ്ങളിലായി സംസ്ഥാനം 54000 കോടിരൂപ കടമെടുത്തു. 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് അനുസരിച്ച് 481998 കോടി രൂപയാണ് സംസ്ഥാനത്തിന്റെ പൊതു കടം. അധിക കേന്ദ്രാനുമതിയും മറ്റ് ബാധ്യതകളും കൂടി ചേർത്താൽ സംസ്ഥാനത്തിന്റെ കടം ആറു ലക്ഷം കോടിയാകും എന്നാണ് വിദഗ്ധർ പറയുന്നത്. കടമെടുക്കുന്ന തുകയുടെ ഭൂരിഭാഗവും ശമ്പളം പെൻഷൻ പലിശ തുടങ്ങിയ റവന്യു ചെലവുകൾക്കാണ് സംസ്ഥാനം ഉപയോഗിക്കുന്നത്. ഇത് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്നാണ് വിലയിരുത്തൽ

