തിരുവനന്തപുരം: പോക്സോ കേസ് പ്രതി മുകേഷ് എം നായരെ സ്കൂൾ പ്രവേശനോത്സവത്തിൽ അതിഥിയായി ക്ഷണിച്ചിട്ടില്ലെന്ന് ഫോർട്ട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് കുമാർ. ഫോർട്ട് കൗൺസിലറെ മാത്രമാണ് പരിപാടിക്ക് ക്ഷണിച്ചിരുന്നത്. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാമെന്ന് ഒരു സംഘടന ഏറ്റിരുന്നു. ആ സംഘടനയുടെ ഭാഗമായാണ് വ്‌ളോഗർ കൂടിയായ മുകേഷ് എത്തിയതെന്ന വിചിത്ര വാദമാണ് സ്കൂൾ അധികൃതർ ഉന്നയിക്കുന്നത്.
ഇന്നലെയാണ് തിരുവനന്തപുരം ഫോർട്ട് ഹൈ സ്‌കൂളിലെ പ്രവേശനോത്സവത്തിൽ മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്തത്. പരിപാടിയിൽ മുകേഷ് പങ്കെടുക്കുന്നതും പ്രതിഭകളെ ആദരിക്കുന്നതും പഠനോപകരണങ്ങൾ നൽകുന്നതുമായ ഫോട്ടോകൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. കോവളത്ത് റീൽ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇയാൾ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന കേസിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് മുകേഷ്. തന്റെ യുട്യൂബ് ചാനലിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി കണ്ടെന്റുകളും ദ്വയാർത്ഥ പ്രയോഗങ്ങളും നടത്തുന്ന വ്യക്തിയാണ് ഇയാൾ.
വിഷയം ഗൗരവത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് കാണുന്നത്. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറോട് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി. റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കനുസരിച്ച് കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

