ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യം നടക്കുന്നത് കേരളത്തിലെന്ന് റിപ്പോർട്ട്(Kerala The Crime Capital Of India). രാജ്യത്ത് ഏറ്റവും നല്ല ക്രമസമാധാന പാലനം ഉള്ള സംസ്ഥാനം ആണ് കേരളമെന്നായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ഇതിന് അടിവരയിടാന്‍ അവര്‍ എടുത്തുകാട്ടിയത് തുടര്‍ച്ചയായി മൂന്നുതവണ മികച്ച ക്രമസമാധാന സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന് കിട്ടിയതാണ്. എന്നാൽ ഇതിനെയെല്ലാം പൊളിച്ചെഴുതുന്നതാണ് ഇപ്പോഴത്തെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ട്.
ഐപിസിക്കു പുറമെ പ്രത്യേക, പ്രാദേശിക നിയമങ്ങളും അനുസരിച്ചുള്ള കുറ്റകൃത്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ആകെ കുറ്റകൃത്യങ്ങൾ കണക്കാക്കിയിട്ടുള്ളത്. കേരളത്തിലെ കുറ്റകൃത്യ നിരക്ക് 424.1 ആണ്. ഇത് ദേശീയ ശരാശരിയേക്കാളും ഇരട്ടിയാണെന്നാണ് റിപ്പോർട്ട്. അതേസമയം വൻനഗരങ്ങളിലെ കുറ്റകൃത്യ നിരക്കിൽ കൊച്ചിയാണ് ഒന്നാമത്. ഇവിടുത്തെ കുറ്റകൃത്യ നിരക്ക് 1879. 8 ആണ്.
ഓരോ വര്‍ഷം കഴിയുന്തോറും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായും കുറ്റകൃത്യങ്ങളുടെ കണക്ക് കുത്തനെ കൂടിയതായുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്ത്രീപീഡനം, ബലാല്‍സംഗം, കൊലപാതകം, മോഷണം, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ എണ്ണമാണ് കൂടിയിരിക്കുന്നത്. കൊലപാതകം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ യുള്ള കുറ്റകൃത്യങ്ങള്‍, സാമ്പത്തിക കുറ്റങ്ങള്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ (ഐപിസി) പരിധിയില്‍ വരുന്ന കുറ്റങ്ങളുടെ നിരക്കില്‍ 2010 ല്‍ കേരളമാണ് ഒന്നാമത്.
എന്നാല്‍, രാജ്യത്തെ മൊത്തം കുറ്റകൃത്യങ്ങളില്‍ 6.7 ശതമാനമാണു കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഒന്നാമതു മധ്യപ്രദേശാണ്. എങ്കിലും ജനസംഖ്യയ്ക്ക് ആനുപാതികമായി നോക്കുമ്പോള്‍ കുറ്റകൃത്യ നിരക്കില്‍ മധ്യപ്രദേശ് നാലാം സ്ഥാനത്താണ്. സൈബര്‍ കുറ്റങ്ങള്‍ റജിസ്റ്റര്‍ ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 142 കേസുകളുമായി രണ്ടാം സ്ഥാനത്താണ്. ജനസംഖ്യയ്ക്ക് ആനുപാതികമായി കലാപക്കേസുകള്‍ ഏറ്റവും കൂടുതലുണ്ടായതു കേരളത്തിലാണ് – 8724 എണ്ണം.
മിക്ക മഹാനഗരങ്ങളിലെയും കുറ്റകൃത്യനിരക്ക് ഗണ്യമായി കുറഞ്ഞപ്പോഴാണ് കൊച്ചിയില്‍ നിരക്ക് കുത്തനെ കൂടിയത്. കൊലപാതകം420, മാനഭംഗം 562 എന്നിങ്ങനെയാണ് 2010 ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കൊലപാതകങ്ങളുടെ കണക്ക് നോക്കുമ്പോള്‍ തലസ്ഥാന നഗരമാണ് ഒന്നാം സ്ഥാനത്തെത്തുന്നത്. ബലാല്‍സംഗങ്ങളുടെ കാര്യത്തിലും തിരുവനന്തപുരം ഒന്നാം സ്ഥാനത്തുണ്ട്. മോഷണം, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയുടെ കാര്യത്തിലും തിരുവനന്തപുരം ജില്ലയ്ക്കാണ് ഒന്നാംസ്ഥാനം. കേരളത്തില്‍ കേസുകള്‍ വ്യവസ്ഥാപിതമായി രജിസ്റ്റര്‍ ചെയ്യുന്നതുകൊണ്ടാണ് എണ്ണത്തിന്റെ കാര്യത്തില്‍ വര്‍ദ്ധനവുണ്ടായതെന്നാണ് ന്യായീകരിക്കാന്‍ നിരത്തുന്ന കാരണങ്ങള്‍. എന്നാല്‍ ഇതിനപ്പുറം യാഥാര്‍ത്ഥ്യമുണ്ടെന്നതാണ് വസ്തുത.

