Saturday, May 11, 2024
spot_img

കേരള സർവകലാശാല ബഡ്ജറ്റ് അവതരണം; സെനറ്റ് യോഗം രണ്ടു തവണ മാറ്റിവെയ്‌ക്കേണ്ടി വന്നത് സർവകലാശാല ഭരണാധികാരികളുടെ പിടിപ്പുകേടെന്ന്‌ യുഡിഎഫ് സെനറ്റ് അംഗങ്ങൾ

തിരുവനന്തപുരം: കേരള സർവകലാശാല ബഡ്ജറ്റ് അവതരണത്തിനായി വിളിച്ച സെനറ്റ് യോഗം രണ്ടു തവണ മാറ്റിവെയ്‌ക്കേണ്ടി വന്നത് സർവകലാശാല ഭരണാധികാരികളുടെ പിടിപ്പുകേടിന്റയും ഉദാസീനതയുടെയും ഫലമാണെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങൾ. സർവകലാശാലയുടെ ദൈനംദിന കാര്യങ്ങൾ മുടക്കം കൂടാതെ നടന്നുപോകുന്നതിനു അത്യന്താപേക്ഷിതമായ ബഡ്ജറ്റ് പാസ്സാക്കുന്നതിനായി, സാമ്പത്തിക വർഷം അവസാനിക്കുന്നതിനു കേവലം നാല് ദിവസം ബാക്കിയുള്ള വിധത്തിൽ മാർച്ച്‌ 25, 26 തീയതികളിലാണ് ആദ്യം സെനറ്റ് യോഗം വിളിച്ചിരുന്നത്. അത് കഴിഞ്ഞ് രണ്ടു ദിവസം എന്നത് വെട്ടി ചുരുക്കി 25 ലേക്ക് മാത്രമായി പരിമിതപ്പെടുത്തി. ഒടുവിൽ ഈ യോഗം 27 ലേക്ക് മാറ്റിവക്കുകയായിരുന്നു.

കേരളത്തിലെ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും തങ്ങളുടെ ബഡ്ജറ്റ് നേരത്തെ തന്നെ പാസ്സ് ആക്കിയപ്പോൾ, കേരള സർവകലാശാല ഇക്കാര്യത്തിൽ ഇരുട്ടിൽ തപ്പുകയായിരുന്നു. പെരുമാറ്റചട്ടം വന്നാൽ പ്രഖ്യാപനങ്ങൾ ഒന്നും നടത്താനാവില്ലെന്നും ബഡ്ജറ്റ് പരിമിതപ്പെടുത്തേണ്ടി വരുമെന്നും ഏവർക്കും അറിവിരിക്കെ, കേരള സർവകലാശാല അധികാരികൾ മാത്രം ഇതൊന്നും അറിഞ്ഞില്ല എന്നത് ഖേദകരമാണ്. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം, പരീക്ഷ നടത്തിപ്പ്, ഗവേഷണ ഫണ്ടുകൾ എന്നിവ മുടങ്ങാതിരിക്കുന്നതിനും കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഗ്രാന്റുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യഥാസമയം വിനിയോഗിക്കുന്നതിനും ബഡ്ജറ്റ് പാസ്സ് ആക്കുന്നത് അനിവാര്യമായിരിക്കെ, ഇത്രയും ഉദാസീനമായ സമീപനം സർവകലാശാല സ്വീകരിച്ചത് ദുരുപദിഷ്ടമാണ്.

ബഡ്ജറ്റ് മാറി വോട്ട്ഓൺ അക്കൗണ്ട് ആണോ എന്ന കാര്യം പോലും സെനറ്റ് അംഗങ്ങളെ അറിയിക്കാതെയാണ് സർവകലാശാല മുന്നോട്ട് പോകുന്നത്. ബഡ്ജറ്റ് ഉൾപ്പെടെ ഉള്ള ഒരു കാര്യങ്ങളും സെനറ്റിൽ ചർച്ചചെയ്യപ്പെടരുത് എന്ന ചിലരുടെ പിടിവാശിയാണ് സർവകലാശാലയെ ഭരണസ്തംഭനത്തിലേക്ക് കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നത്. പരമാധികാര സഭയായ സെനറ്റിനെ നോക്ക്കുത്തി ആക്കികൊണ്ടാണ് അധികാരികൾ മുന്നോട്ടു പോകുന്നത്. ഓഡിറ്റ് റിപ്പോർട്ട്‌ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ചർച്ച ചെയ്ത് പാസ്സ് ആക്കാതെയും, ജനറൽ സെനറ്റ് യോഗം വിളിക്കാതെയുമാണ് അധികാരികൾ സർവകലാശാല ഭരണം മുന്നോട്ട് കൊണ്ട് പോകുന്നത്. ഇതിനെതിരെ സെനറ്റ് അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സെനറ്റ് യോഗത്തിലെ മന്ത്രി – വൈസ്ചസൻസിലർ പോര്, സർവകലാശാല കലോത്സവം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പൊതുസമൂഹത്തിനു മുന്നിൽ മുഖം നഷ്ടപ്പെട്ടിരിക്കുന്ന സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടി തടസപ്പെടുന്ന രീതിയിയിലാണ് കാര്യങ്ങളുടെ പോക്ക് എന്നു യോഗം കുറ്റപ്പെടുത്തി. ഡോ. എബ്രഹാം എ, ഡോ. അജേഷ് എസ്. ആർ, ഡോ. വിനോദ് കെ ജോസഫ്, മറിയം ജാസ്മിൻ, വൈ. അഹമ്മദ് ഫസിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Latest Articles