Sunday, April 28, 2024
spot_img

മദ്യനയ അഴിമതി കേസ്; കെ കവിതയെ 14 ദിവസത്തേയ്‌ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ദില്ലി റോസ് അവന്യൂ കോടതി

ദില്ലി: മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ.കവിതയെ കോടതി 14 ദിവസത്തേയ്‌ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദില്ലിയിലെ റോസ് അവന്യൂ കോടതിയുടേതാണ് നടപടി. കഴിഞ്ഞ 15-നാണ് കെ കവിതയെ മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്തത്. കവിതയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. കഴിഞ്ഞ ദിവസം മൂന്ന് ദിവസത്തേക്ക് കൂടി കോടതി കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുമായും കവിത മദ്യനയത്തിലെ അനുകൂല്യം ലഭിക്കാനായി ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇഡി കണ്ടെത്തിയിരുന്നു. കോഴയായി ലഭിച്ച ഈ 100 കോടിയാണ് എഎപി ഗോവ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ചെലവഴിച്ചതെന്നും ഇഡി വെളിപ്പെടുത്തിയിരുന്നു.

ദില്ലി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപ്പനയും ഇടപാടുകളും സ്വകാര്യ മേഖലയ്‌ക്ക് കൈമാറാനുള്ള നയം 2021 നവംബർ 17-നാണ് നിലവിൽ വന്നത്. ലഫ്റ്റനന്റ് ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിന് പിന്നാലെയാണ് ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്ന് കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Related Articles

Latest Articles