Thursday, May 16, 2024
spot_img

പ്രായപരിധി കടന്ന യുയുസിമാരെ അയോഗ്യരാക്കാനൊരുങ്ങി കേരള സർവകലാശാല; അയോഗ്യരാക്കപ്പെടുക 39 പേർ

തിരുവനന്തപുരം : പ്രായപരിധി കടന്ന യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കാന്‍ കേരള സർവകലാശാല തീരുമാനിച്ചു. ഇത്തരത്തിൽ 39 യുയുസിമാരെയാണു അയോഗ്യരാകുക.ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ വിജയിച്ചയാളെ മാറ്റി യൂണിവേഴ്സിറ്റിയില്‍ മറ്റൊരാളുടെ പേരു നല്‍കിയ വിഷയം വിവാദമായതിനെ തുടര്‍ന്നാണു സർവകലാശാല നടപടി കടുപ്പിച്ചത്. യുയുസിയായി ജയിച്ച അനഘയ്ക്കു പകരം എസ്എഫ്ഐ നേതാവായിരുന്ന എ. വിശാഖിന്‍റെ പേരാണു സര്‍വകലാശാലയ്ക്കു കൈമാറിയത്. വിഷയത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജിന് 1,55,938 രൂപ പിഴശിക്ഷ നൽകാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ ഡിസംബര്‍ 12-ന് നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ. ടിക്കറ്റിൽ ജയിച്ച അനഘ എന്ന വിദ്യാർത്ഥിനിക്ക് പകരം കോളേജിലെ ഒന്നാം വര്‍ഷ ബി. എസ്‌സി വിദ്യാർത്ഥിയും എസ്.എഫ്.ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറിയുമായ എ. വിശാഖിന്റെ പേരാണ് സര്‍വകലാശാലയിലേക്ക് നല്‍കിയ യു.യു.സിമാരുടെ ലിസ്റ്റിലുള്ളത്. അനഘ, ആരോമല്‍ എന്നിവരാണ് യു.യു.സികളായി ജയിച്ചത്. വിശാഖ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല.

ഏരിയാ സെക്രട്ടറിയെ കേരള സര്‍വകലാശാലാ യൂണിയന്‍ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ആൾമാറാട്ടം സംഘടന നടത്തിയതെന്നാണ് ഉയരുന്ന ആരോപണം. മേയ് 26-ന് നിശ്ചയിച്ചിരുന്നസര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നേരത്തെ നീട്ടിവച്ചിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് ജി ജെ ഷൈജുവിന് തട്ടിപ്പിൽ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ തത്‌സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘ രാജി സന്നദ്ധത അറിയിച്ചതിനാലാണ് വിശാഖിന്റെ പേര് ഉൾപ്പെടുത്തിയ ലിസ്റ്റ് സർവകലാശാലയ്ക്ക് കൈമാറിയതെന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായപരിധി കഴിഞ്ഞതിനാൽ പത്രിക സമർപ്പിക്കാനാകാത്ത വിശാഖിനെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഗുരുതര വീഴ്ചയാണെന്ന് സർവ്വകലാശാല കണ്ടെത്തിയിരുന്നു, നിലവിൽ വിശാഖിനും മുൻ പ്രിൻസിപ്പലിനുമെതിരെ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ ചുമത്തി കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നു

കാട്ടാക്കട കോളജ് വിവാദത്തിനു പിന്നാലെ യുയുസിമാരുടെ പ്രായപരിധി സംബന്ധിക്കുന്ന കൃത്യവിവരം നൽകാൻ കോളേജുകളോട് യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിരുന്നു. മുപ്പതോളം കോളജുകൾ ഇതുസംബന്ധിച്ച വിവരം യൂണിവേഴ്‌സിറ്റിക്ക് ഇതുവരെയും കൈമാറിയിട്ടില്ല.

Related Articles

Latest Articles