തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ മിന്നും വിജയവുമായി ബിജെപി. 2 ജനറൽ സീറ്റുകളിൽ പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചു. ഇതാദ്യമായാണ് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുന്നത്. ടി.ജി. വിനോദ് കുമാർ, പി.എസ്. ഗോപകുമാർ എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാർത്ഥികൾ.
എല്‍ഡിഎഫ് പന്ത്രണ്ടിൽ ഒമ്പത് സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസ് ഒരു സീറ്റും നേടി. സ്വകാര്യ കോളേജ് അദ്ധ്യാപക സീറ്റുകളും ഗവ.കോളേജ് അദ്ധ്യാപക സീറ്റിലുമാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥികള്‍ ജയിച്ചത്. രാജീവ് കുമാർ, പ്രമോദ്, വിനോദ് കുമാർ, അജയ്, റഹീം, പ്രകാശ്, ലെനിൻ, നസീഫ്, മനോജ് എന്നിവരാണ് വിജയിച്ചവർ.സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം പുഷ്പലത തോറ്റു. അഹമ്മദ് ഫസിൽ ആണ് വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി.
നേരത്തെ വോട്ടെണ്ണലിന്റെ പേരില്‍ സര്‍വകലാശാലയില്‍ ഇടത് അംഗങ്ങളും വിസിയും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. 15 വോട്ടുകള്‍ എണ്ണരുതെന്ന കോടതി നിര്‍ദേശമുള്ളതിനാല്‍ തീര്‍പ്പ് വന്നശേഷം മതി വോട്ടെണ്ണല്‍ എന്ന് വിസി നിലപാടെടുത്തതോടെയാണ് തര്‍ക്കം തുടങ്ങിയത്. എന്നാല്‍ ഹൈക്കോടതിയുടെ അനുമതിയോടെയാണ് പിന്നീട് വോട്ട് എണ്ണാന്‍ തീരുമാനിച്ചത്.

