വറുതിയുടെ നാളുകളുമായി നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

0

കൊല്ലം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ഇതോടെ മത്സ്യ തൊഴിലാളികള്‍ക്ക് ഇനി വറുതിയുടെ നാളുകള്‍. ട്രോളിംഗ് നിരോധന കാലത്ത് സൗജന്യ റേഷന്‍ നല്‍കുന്നതിനൊപ്പം ജോലിയില്ലാതാവുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായവും നല്‍കണമെന്ന് മത്സ്യ തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച അര്‍ധരാത്രി മുതലുള്ള ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീണ്ടു നില്‍ക്കും. ഇതോടെ ബോട്ടുകള്‍ എല്ലാം സുരക്ഷിതമായി കരയിലെത്തിക്കാനുള്ള തിരക്കിലാണ് മത്സ്യ തൊഴിലാളികള്‍. ട്രോളിംഗ് നിരോധനത്തോടെ നിലയ്ക്കുന്ന ഈ ബോട്ടുകളുടെ എഞ്ചിനുകള്‍ക്കൊപ്പം ഇനി മത്സ്യതൊഴിലാളികള്‍ക്ക് വറുതിയുടെ നാളുകളാണ്.

52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധന ദിനങ്ങള്‍ എങ്ങനെ കടന്ന് പോകുമെന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികള്‍. ജോലി നഷ്ടമാവുന്ന മത്സ്യ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും ലഭിക്കുന്നില്ലന്നാണ് മത്സ്യ തൊഴിലാളികളുടെ പരാതി. അതിനു പുറമെ ജോലി നഷ്ടപ്പെടുന്ന മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവെയ്ക്കുന്നു

നിരോധന കാലത്ത് പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മാത്രമാണ് കടലില്‍ പോവാന്‍ അനുമതി ഉള്ളത്. എന്നാല്‍ കടുത്ത വേനല്‍ ചൂടിനെയും അശാസ്ത്രീയ മത്സ്യ ബന്ധനത്തെയും തുടര്‍ന്ന് കടലിലെ മത്സ്യ സമ്പത്ത് കുറഞ്ഞത് ഇവരെയും സാരമായി ബാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here