Saturday, April 27, 2024
spot_img

അവശനിലയിൽ കടത്തിണ്ണയിൽ കഴിഞ്ഞ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ അഗതി മന്ദിരത്തിൽ; ഏറ്റെടുക്കാൻ സാധിക്കില്ലെന്ന് കവി പറഞ്ഞതായി നാട്ടുകാർ

തൃശ്ശൂര്‍: അവശനിലയിൽ കടത്തിണ്ണയിൽ വിസർജ്ജ്യങ്ങളിൽ കിടന്ന് കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രൻ ചുള്ളിക്കാട്. ജീവകാരുണ്യപ്രവര്‍ത്തകനായ സന്ദീപ് പോത്താനിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. നടന്‍ സലീം കുമാര്‍ വഴി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ബന്ധപ്പെട്ടു വിവരങ്ങൾ അറിയിച്ചുവെന്നും എന്നാൽ സഹോദരനെ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചതെന്നും സന്ദീപിന്റെ കുറിപ്പില്‍ പറയുന്നു.

ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍ വിസര്‍ജ്ജ്യങ്ങളില്‍ കിടക്കുകയായിരുന്ന കാൻസർ രോഗിയായ ജയചന്ദ്രനെ പറവൂര്‍ പൊലീസും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് കടത്തിണ്ണയില്‍ നിന്ന് അഗതി മന്ദിരത്തിലേക്ക് മാറ്റി. കൊടുങ്ങല്ലൂര്‍ വെളിച്ചം അഗതി മന്ദിരത്തിലാണ് ജയചന്ദ്രന്‍ ഇപ്പോഴുള്ളത്. വെളിച്ചം അഗതി മന്ദിരത്തിലെ പരിചരണവും ഭക്ഷണവും മൂലം ജയചന്ദ്രന്റെ ആരോഗ്യനിലയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കമുള്ള ബന്ധുക്കള്‍ ജയചന്ദ്രനെ ഏറ്റെടുക്കാൻ തയ്യാറാവാത്തതിനാൽ അഗതി മന്ദിരം തന്നെ ഇദ്ദേഹത്തെ സംരക്ഷിക്കുമെന്ന് അറിയിച്ചു.

അന്തരിച്ച എഴുത്തുകാരി അഷിതക്ക് ഭ്രാന്താണെന്ന് പറഞ്ഞ അഷിതയുടെ സഹോദരനോട് വികാരക്ഷോഭത്താല്‍ പൊട്ടിത്തെറിച്ചതടക്കമുള്ള മനുഷ്യത്യപരമായ നിരവധി സാമൂഹ്യ ഇടപെടലുകള്‍ നടത്തിയിട്ടുള്ള കവിക്ക് അങ്ങനെ പറയാൻ സാധിക്കില്ലെന്നും സന്ദീപ് കുറിക്കുന്നു. എന്നാൽ കുടുംബാംഗങ്ങളുമായി വര്‍ഷങ്ങളായി ബന്ധമില്ലെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. സഹോദരന്‍ ഈ അവസ്ഥയിൽ തെരുവിൽ എത്തിയത് ഇന്നലെയാണ് താന്‍ അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സലീം കുമാര്‍ വിളിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല.

അഷിതയുടെ കാര്യത്തിൽ പൊട്ടിത്തെറിച്ചത് കുട്ടിക്കാലം മുതലേ അവരുമായി അഗാധമായ മാനസിക ബന്ധമുള്ളത് കൊണ്ടാണ്. കുടുംബാംഗങ്ങളുമായി ആ ബന്ധമില്ല. വിമര്‍ശനങ്ങള്‍ ഉണ്ടാകാമെങ്കിലും വ്യക്തിപരമായി സഹോദരനില്‍ നിന്നുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഗതിമന്ദിരത്തിലുള്ള സഹോദരനെ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ചുള്ളിക്കാട് വ്യക്തമാക്കി. തനിക്കതിന് തന്റേതായ കാരണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles