Monday, April 29, 2024
spot_img

എന്‍.എസ്.എസ്. വര്‍ഗീയമായ പ്രവര്‍ത്തനം നടത്തുന്നുവെന്ന് പരാമര്‍ശം; ടിക്കാറാം മീണ മാപ്പുപറയണമെന്നാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്

ചങ്ങനാശ്ശേരി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയ്ക്ക് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ വക്കീല്‍നോട്ടീസ് അയച്ചു. കേരളത്തില്‍ എന്‍.എസ്.എസ്. വര്‍ഗീയമായ പ്രവര്‍ത്തനം നടത്തുന്നു എന്ന ധാരണ പരത്തും വിധം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ച്‌ നിരുപാധികം മാപ്പുപറയണമെന്നാവശ്യപ്പെട്ടാണ് അഡ്വ.ആര്‍.ടി.പ്രദീപ് മുഖേന മീണയ്ക്ക് വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിന് തയ്യാറാകാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.

ജാതിയുടെ പേരില്‍ എന്‍.എസ്.എസ്. വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നതായുള്ള പ്രസ്താവനയാണ് ടിക്കാറാം മീണയുടെ ഭാഗത്തുനിന്നുണ്ടായത്. സമദൂരത്തില്‍നിന്ന് ശരിദൂരം സ്വീകരിച്ചത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്ത് സമീപനം സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എന്‍.എസ്.എസിനുണ്ട്. നമ്മുടെ സമൂഹത്തില്‍ ജാതീയമായ ഉച്ചനീചത്വം ഇല്ലാതാക്കുക എന്നതാണ് എന്‍.എസ്.എസിന്റെ ലക്ഷ്യവും ചരിത്രവും. ജാതിരഹിത സമൂഹത്തിനായുള്ള ശ്രമമാണ് എല്ലാക്കാലത്തും എന്‍.എസ്.എസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. കേരളം സാമൂഹികരംഗത്ത് കൈവരിച്ചിട്ടുള്ള എല്ലാ പുരോഗതിക്കും എന്‍.എസ്.എസിന് പങ്കുണ്ട്. ആ ചരിത്രം മനസ്സിലാക്കാതെയാണ് തികച്ചും നിരുത്തരവാദപരമായി വര്‍ഗീയതയുടെ നിറച്ചാര്‍ത്ത് എന്‍.എസ്.എസിന് തിരഞ്ഞെടുപ്പ് ഓഫീസര്‍ കല്‍പ്പിച്ചുനല്‍കിയത്.

വിശ്വാസസംരക്ഷണം, ക്ഷേത്ര ആരാധന എന്നീ വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പല നടപടികളിലും എന്‍.എസ്.എസിന് പ്രതിഷേധമുണ്ട്. സംസ്ഥാന സര്‍ക്കാരിന് എതിരായുള്ള പ്രതിഷേധ കാരണങ്ങള്‍ അക്കമിട്ട് ജനറല്‍ സെക്രട്ടറി നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുള്ളതായും നോട്ടീസില്‍ പറയുന്നു.

Related Articles

Latest Articles