Monday, April 29, 2024
spot_img

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; അയല്‍വാസി വസന്തയെ കസ്റ്റഡിയിലെടുത്ത് പൊലീസ്; നടപടി ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി

തിരുവനന്തപുരം: കുടിയൊഴിപ്പിക്കലിനിടയില്‍ പൊള്ളലേറ്റു ദമ്പതികള്‍ മരിച്ച പശ്ചാത്തലത്തില്‍ അയല്‍വാസിയായ വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്‌നമുയര്‍ത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അയല്‍വാസി വസന്തയെ പോലീസ് വീട്ടില്‍ നിന്നും മാറ്റിയത്. ഇവര്‍ക്കെതിരെ പരാതിയൊന്നും നിലനില്‍ക്കുന്നില്ലെങ്കിലും മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോള്‍ ഇവര്‍ക്കെതിരേ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസിന്റെ നടപടി. വസന്തയെ പോലീസ് വീട്ടില്‍ നിന്നും മാറ്റുന്നതിനിടെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

രാജനും കുടുംബവും അവകാശവാദം ഉന്നയിച്ച ഭൂമി തന്റേത് തന്നെയാണെന്ന് വസന്ത നേരത്തെ പ്രതികരിച്ചിരുന്നു. സ്വന്തം ഭൂമി ലഭിക്കാന്‍ നിയമപരമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചത്. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നിയമവഴിയില്‍ വിജയം നേടിയ ശേഷമേ ഭൂമി വിട്ടുകൊടുക്കൂ എന്നാണ് വസന്ത പ്രതികരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കോടതി ഉത്തരവ് പ്രകാരം വസ്തു ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ദമ്പതികള്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതും തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റതും. ചികിത്സയില്‍ ഇരിക്കെ ഇരുവരും മരിച്ചിരുന്നു. രാജന്റെ മൃതദേഹം തിങ്കളാഴ്ച തര്‍ക്കപ്രദേശത്തുതന്നെ സംസ്‌കരിച്ചിരുന്നു. ഭാര്യയുടെ മൃതദേഹം രാജന്റെ കുഴിമാടത്തിന് സമീപം സംസ്‌കരിക്കും.

Related Articles

Latest Articles