Saturday, April 27, 2024
spot_img

പിണറായി സർക്കാരിന്റെ ലക്ഷ്യം വിമത ശബ്ദങ്ങളെ അടിച്ചൊതുക്കൽ; സംസ്ഥാന സർക്കാരിന്റെ പൊലീസ് ആക്ട് ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രശാന്ത് ഭൂഷൺ

ദില്ലി: കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതൃത്വത്തിലുള്ള കേരള സർക്കാർ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതിക്കെതിരെ മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ രംഗത്ത്. പൊലീസ് നിയമങ്ങളിൽ ഭേദഗതി വരുത്തിയത് നിർദ്ദയവും വിമതശബ്ദങ്ങളെ അടിച്ചമർത്തുന്നതും ആണെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. ഇത് ക്രൂരവും വിമത ശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഐടി ആക്ടിൽ നിന്ന് ഒഴിവാക്കിയ സെക്ഷൻ 66 (എ)യ്ക്ക് സമാനമാണിതെന്നും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സൈബർ ആക്രമണങ്ങൾ തടയാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്കിയത്. പൊലീസ് നിയമത്തിൽ l 118 എ എന്ന വകുപ്പ് കൂട്ടിച്ചേർത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. മാധ്യമ നിയന്ത്രണം ലക്ഷ്യം വെച്ചുള്ള ഭേദഗതിയാണ് എന്നാണ് ആരോപണം.

2000ത്തിലെ ഐടി ആക്ടിലെ 66എ വകുപ്പും 2011 ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം സുപ്രീം കോടതി മറ്റു നിയമങ്ങളൊന്നും കൊണ്ട് വന്നിരുന്നില്ല. ഇതിനെ നേരിടാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടർന്നാണ് ഭേദഗതി. അതേസമയം രണ്ട് ആളുകൾ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാൽ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചതെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവനും പറഞ്ഞു.

Related Articles

Latest Articles