Friday, May 17, 2024
spot_img

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരെ ആരോപണം ആവര്‍ത്തിച്ച് ടി.ഒ.സൂരജ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ ആരോപണം ആവര്‍ത്തിച്ച് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും കേസിലെ പ്രതികളിലൊരാളുമായ ടി.ഒ. സൂരജ്. തുക മുന്‍കൂര്‍ നല്‍കാന്‍ മന്ത്രിയാണ് ഉത്തരവിട്ടതെന്നും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നുമായിരുന്നു സൂരജ് ആവര്‍ത്തിച്ചത്.

റിമാന്‍ഡില്‍ കഴിയുന്ന സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്നു അവസാനിക്കുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികരണം. മൂവാറ്റുപുഴ വിജിലന്‍സ് കോടതി അവധിയായതിനാല്‍ കൊച്ചിയില്‍ നടക്കുന്ന ക്യാമ്പ് സിറ്റിംഗിലേക്കാണ് പ്രതികളെ എത്തിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മേല്‍പാലം നിര്‍മിച്ച സ്വകാര്യ കന്പനിക്ക് മുന്‍കൂറായി പണം നല്‍കാന്‍ അനുമതി നല്‍കിയത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്നാണ് സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്. കേസില്‍ ടി ഒ സൂരജ് അടക്കം നാല് പ്രതികളെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.

ഒരുതവണ ചോദ്യം ചെയ്ത ഇബ്രാഹിംകുഞ്ഞിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ ഇത് നീണ്ടു പോവുകയാണ്. നിലവിലെ സാഹചര്യത്തില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടായേക്കുമെന്നാണു സൂചന. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles