Monday, April 29, 2024
spot_img

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഉത്തരവ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത് .

എച്ച്‌‍.വണ്‍ എന്‍.വണ്‍ പനി ബാധിച്ച്‌ ആശുപത്രിയിലെത്തിയ കട്ടപ്പന സ്വദേശിയായ ജേക്കബ് തോമസിനെ (62)​ വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃത‍ര്‍ മടക്കിയയച്ചുവെന്നാണ് ആരോപണം. രോഗിയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെന്റിലേറ്റര്‍ ലഭ്യമായില്ല. കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചു. കാരിത്താസ്, മാതാ ആശുപത്രികളിലെ ഡോക്ടര്‍മാരും തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ചയാളുടെ മകള്‍ റെനി പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

അതേസമയം രോഗി മരിച്ചതിനെത്തുട‍ര്‍ന്ന് ആശുപത്രി പി.ആ‍ര്‍.ഒയെ ജേക്കബിന്റെ ബന്ധുക്കള്‍ മ‍ര്‍ദ്ദിച്ചുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഏറ്റുമാനൂ‍ര്‍ പൊലീസ് സംഭവസ്ഥലത്തെത്തി മരിച്ചയാളുടെ മകളുടെ മൊഴി രേഖപ്പെടുത്തി.

Related Articles

Latest Articles