സംവിധായക കുപ്പായമണിയാനൊരുങ്ങി നടന്‍ വിനായകന്‍; ‘പാര്‍ട്ടി’ എന്ന ചിത്രം നിര്‍മ്മിക്കുന്നത് റിമയും ആഷിഖ് അബുവും

0

നടനായി 25 വർഷം പിന്നിടുന്ന വേളയിലാണ് വിനായകൻ സംവിധാനക്കുപ്പായം അണിയാനൊരുങ്ങുന്നത്. ‘പാര്‍ട്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ്. ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും. ആഷിഖ് അബുവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതി സംവിധാനം ചെയ്യും. “പാർട്ടി ” അടുത്ത വർഷം എന്നാണ് ആഷിഖ് അബുവിന്‍റെ കുറിപ്പ്.

ഇതിന് മുൻപും വിനായകനെ നായകനാക്കി ആഷിഖ് സിനിമ എടുക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അയ്യന്‍കാളിയുടെ ജീവചരിത്രചിത്രമാണ് ഈ പ്രോജക്ട് എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് അന്ന് വന്നിരുന്നത്. എന്നാല്‍ ആ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഔദ്യോഗികമായി ഇനിയും പുറത്തു വന്നിട്ടില്ല.

1995-ൽ മോഹൻലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികത്തിലൂടെയാണ് വിനായകൻ സിനിമയിലെത്തുന്നത്. ഫഹദ് ചിത്രം ട്രാൻസിലാണ് ഒടുവിൽ വേഷമിട്ടത്. ‘വാരിയം കുന്നൻ’ എന്ന ചിത്രമാണ് ആഷിഖിന്റേതായി അനൗൺസ് ചെയ്തിട്ടുള്ള മറ്റൊരു സിനിമ. പൃഥ്വിരാജ്, ആഷിഖ് അബു എന്നിവർ ആദ്യമായി ഒന്നിക്കുന്ന സിനിമയുമാണിത്. മലബാർ കലാപത്തിന്റെ ഭാഗമായി ബ്രിട്ടീഷ് കൊളോണിയൽ ശക്തിക്കെതിരെ യുദ്ധം നയിച്ച വാരിയം കുന്നത്ത് മുഹമ്മദ് ഹാജിയുടെ ചരിത്രമാണ് സിനിമയാവുക. ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തതോട് കൂടി വലിയ വിവാദങ്ങളും ആരോപണങ്ങളുമാണ് ഇതേ തുടർന്ന് ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here