Tuesday, May 21, 2024
spot_img

കേരളത്തിന്റെ ക്രമസമാധാനം തകരുന്നു ! കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നടന്നത് എട്ട് ക്രൂരമായ കൊലപാതകങ്ങൾ; ഭൂരിഭാഗം പ്രതികളും ലഹരിക്ക് അടിമപ്പെട്ട ബന്ധുക്കളും സുഹൃത്തുക്കളും

കേരളത്തിന്റെ ക്രമസമാധാനം തകർന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മനുഷ്യ മനസാക്ഷിയെ നടുക്കുന്ന എട്ട് ക്രൂരമായ കൊലപാതകങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ഭൂരിഭാഗം കേസുകളിലെയും പ്രതികൾ ലഹരിക്ക് അടിമപ്പെട്ട മരണപ്പെട്ടവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണെന്ന് പോലീസ് പറയുന്നു.

ഇന്നലെ തലസ്ഥാന നഗരിയിൽ സഹോദരനെ കൊന്ന് കുഴിച്ചുമൂടിയ യുവാവ് അറസ്റ്റിലായി. 11 ദിവസമായിട്ടും മകൻ രാജിനെ കാണാതായതിനെ തുടർന്ന് ഇവരുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് തിരുവല്ലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ച ഓണാഘോഷത്തിനിടെ ഇവരുടെ അമ്മ ബന്ധുവീട്ടിൽ പോയപ്പോഴാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാജിനെ കാണാത്തതിനെ തുടർന്ന് ഇവരുടെ അമ്മ പോലീസിനെ സമീപിക്കുകയായിരുന്നു. സംശയം തോന്നി ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് രാജ് കൊല്ലപ്പെട്ടതെന്നും തുടർന്ന് മൃതദേഹം കുഴിച്ചിട്ടുവെന്നും ബിനു പൊലീസിനോട് വ്യക്തമാക്കി.

മറ്റൊരു സംഭവത്തിൽ പെരുമ്പാവൂരില്‍ നഴ്‌സിങ് വിദ്യാർത്ഥിനിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ഇരിങ്ങോള്‍ സ്വദേശി എല്‍ദോസാണ് യുവതിയെ ആക്രമിച്ചശേഷം വീട്ടില്‍ തൂങ്ങിമരിച്ചത്. നഴ്‌സിങ് വിദ്യാർത്ഥിനിയായ യുവതിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച വിദ്യാർത്ഥിനിയുടെ ബന്ധുക്കളെയും യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതിനുശേഷമാണ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

അതേസമയം, തലസ്ഥാനനഗരിയിൽ ഇതേദിവസം തന്നെ മറ്റൊരു അതിദാരുണമായ കൊലപാതകവും നടക്കുകയുണ്ടായി. ബന്ധുവിന്റെ മരണ വീട്ടിലെത്തി മടങ്ങുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ഗൃഹനാഥനെ അടുത്ത ബന്ധുക്കൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. പൂവച്ചൽ പാറമുകൾ ചാമവിള പള്ളിത്തറ വീട്ടിൽ ജലജൻ(57) ആണ് മരിച്ചത്. ജലജന്റെ സഹോദരിയുടെ മകളുടെ ഭർത്താവ് പൂവച്ചൽ പാറമുകൾ മിസ്പയിൽ സുനികുമാർ(33), സഹോദരൻ കുറകോണം പാറമുകൾ പുത്തൻ വീട്ടിൽ സാബു(31) എന്നിവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. അതേസമയം, സഹോദരന്മാരിൽ ഒരാൾ കല്ലെടുത്ത് ജലജന്റെ മുഖത്ത് അടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച നടന്ന മറ്റൊരു സംഭവത്തിൽ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൻ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയിൽ പ്രഭാകരനെയാണ് കൊലപ്പെടുത്തിയത്. പ്രതിയായ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയാണു കീഴടങ്ങിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ, തിങ്കളാഴ്ച പുലർച്ചെ കോട്ടയം ജില്ലയിൽ മൂന്ന് പെൺമക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. പാലയ്ക്കടുത്ത് രാമപുരം സ്വദേശി ജോമോൻ (40) ആണ് മൂന്ന് പെൺമക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 13, 10, 7 വയസ്സുള്ള പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ഉപേക്ഷിച്ച് പോയതിന് ശേഷം കഴിഞ്ഞ ഒന്നര വർഷമായി ജോമോൻ മൂന്ന് പെൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.

തിങ്കളാഴ്ച നടന്ന മറ്റൊരു സംഭവത്തിൽ, സ്ഥലമുടമയുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനിടെ തൃശൂർ കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. രണ്ടാഴ്ച മുമ്പ് തൂങ്ങിമരിച്ച ശിവരാമന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ നാട്ടുകാരും ബന്ധുക്കളും വീട്ടിലെത്തിയപ്പോഴാണ് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പരിശോധനയിൽ സെപ്റ്റിക് ടാങ്കിനുള്ളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ശിവരാമന്റെ സുഹൃത്തിന്റെ മൃതദേഹമാണ് ഇതെന്നാണ് സൂചന.

തിങ്കളാഴ്ച പാലക്കാട് പട്ടാമ്പിക്ക് സമീപം ഭാര്യയെയും മകളെയും അമ്മയെയും കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പട്ടാമ്പി കൂഴാവൂർ സ്വദേശി സജീവ്(35) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. മാരകമായി പരിക്കേറ്റ ഇയാളുടെ ഭാര്യ ആതിര (30) മരണപ്പെട്ടു. അതിനിടെ ഇന്നലെ കൊല്ലം അഞ്ചൽ കരുകോണിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. 65 വയസുള്ള ഷാജഹാനാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

Related Articles

Latest Articles