രാഹുല്‍ ഗാന്ധിയുടെ അയോഗ്യതക്ക് പിന്നാലെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടിരിക്കുകയാണ്. ഈ പ്രതിപക്ഷ ഐക്യം 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ മുതല്‍ക്കൂട്ടാക്കി മാറ്റാനുള്ള കരുനീക്കങ്ങൾ മുറുക്കുകയാണ് കോണ്‍ഗ്രസ്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചും ചര്‍ച്ചചെയ്യുവാൻ സമാന ചിന്താഗതിക്കാരെ ഒന്നിച്ചിരുത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെയാണ് ഇതിന് മുന്‍കൈ എടുക്കുന്നത്.
ഇതിനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനുമായി ഫോണിലൂടെ ചര്‍ച്ചകള്‍ നടത്തി. യോഗത്തിലേക്ക് സ്റ്റാലിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലും ദേശീയ തലത്തിലും കോണ്‍ഗ്രസിന്റെ പ്രധാന സഖ്യകക്ഷിയാണ് ഡിഎംകെ. പ്രതിപക്ഷ യോഗത്തിനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയാണ് സ്റ്റാലിനും അറിയിച്ചിരിക്കുന്നത്. കൂടിച്ചേരലിന് തീയതിയോ വേദിയോ അന്തിമമായിട്ടില്ല. വിവിധ പാര്‍ട്ടികളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും തീയതിയും വേദിയും തീരുമാനിക്കുക. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായും ഖാര്‍ഗെ ഇതിനോടകം ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

