Friday, May 24, 2024
spot_img

പെണ്ണ് കേസുപോലെ ലഹരി കേസുപോലെ മ്ലേച്ഛം ആണോ അനിൽ ആൻ്റണിയുടെ രാഷ്ട്രീയ രംഗപ്രവേശം; ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് അഞ്‍ജു പാർവതി പ്രഭീഷ്

എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബി.ജെ.പിയിലെ രംഗപ്രവേശമാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിലെ ചർച്ചാ വിഷയം. അനിലിന്റെ ഈ പ്രവർത്തിയിൽ പിതാവായ എ.കെ ആന്റണിയെ വിമർശിക്കുകയാണ് സി.പി.എം നേതാക്കളും സൈബർ ലോകവും. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ അഞ്‍ജു പാർവതി പ്രഭീഷ്. മുൻപ് പെണ്ണ് കേസിൽ ബിനോയ് കോടിയേരിയും ലഹരിക്കേസിൽ ബിനീഷ് കോടിയേരിയും അകപ്പെട്ടപ്പോഴൊക്കെ മക്കൾ ചെയ്ത കുറ്റത്തിന് അച്ഛൻ സഖാവ് എന്ത് പിഴച്ചു എന്ന് ന്യായീകരിച്ചിരുന്നവരാണ് ഇപ്പോൾ അനിൽ ആന്റണിയുടെ വിഷയത്തിൽ എ.കെ ആന്റണിയെ പരിഹസിക്കുന്നതെന്നാണ് അഞ്‍ജു പാർവതി പ്രഭീഷ് പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അഞ്‍ജു പാർവതി പ്രഭീഷ് പ്രതികരിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

മകൻ തെറ്റു ചെയ്തതിന് അച്ഛനെന്തു പിഴച്ചുവെന്ന ന്യായീകരണത്തെ ഇന്നലെ രാത്രി മുതൽ നാലായി ചുരുട്ടി മടക്കി പോക്കറ്റിൽ ഒളിപ്പിച്ചിരിക്കുകയാണ് അന്തസുകൾ. 2018-ൽ ബിനോയി കോടിയേരി എന്ന വ്യക്തിക്കെതിരെ ദുബായിൽ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. ആഡംബര വാഹനമായ ഔഡി കാർ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടു വായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 7.7 കോടി രൂപയും ബിനോയ്ക്ക് സ്വന്തം അക്കൗണ്ടിൽനിന്ന് നൽകിയെന്നും 2016 ജൂൺ ഒന്നിനു മുൻപു തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഇത് തെറ്റിച്ചുവെന്നും ദുബായ് കമ്പനി പരാതിപ്പെടുകയായിരുന്നു. ജാസ് എന്ന കമ്പനിയാണ് ബിനോയ്‌ക്കെതിരെ പരാതിയുമായി എത്തിയത്. ജാസ് ഉടമ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി കേരളത്തിലെത്തുകയും ചെയ്തിരുന്നു. ഇതോടെ ബിനോയ്ക്ക് ദുബായ് യാത്രവിലക്ക് ഏർപ്പെടുത്തി. പാസ്പോർട്ട് പിടിച്ചുവച്ചതോടെ ബിനോയി ദുബായിൽ കുടങ്ങി. കോടതിയ്ക്ക് പുറത്ത് ഒത്തുതീർപ്പ് നടത്തിയതോടെ മർസൂഖി ദുബായിലേക്ക് പറന്നു. ബിനോയ് കോടിയേരി നാട്ടിലേക്കും. അന്ന് അന്തസ് പറഞ്ഞത് മകൻ ചെയ്ത പിഴവിന് സഖാവ് അച്ഛൻ എന്ത് പിഴച്ചു എന്നാണ്!

2019-ൽ ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതിയുമായി ബിഹാർ സ്വദേശിനിയായ യുവതി രംഗത്തെത്തി. താനുമായിട്ടുള്ള ബന്ധത്തിൽ ഒരു മകനുണ്ടെന്നും ബിനോയ് ചെലവിന് നൽകുന്നില്ലെന്നും വിവാഹിതനായിരുന്നു എന്ന കാര്യം മറച്ചുവെച്ചുവെന്നും യുവതി മുംബൈ പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും യുവതി പുറത്തുവിട്ടു. പിതൃത്വവും ബന്ധവും ഒക്കെ ബിനോയ് നിഷേധിച്ചെങ്കിലും കേസ് ഡി.എൻ.എ. പരിശോധനയിൽ അവസാനിച്ചു. അന്നും വെട്ടേഷും ക്വട്ടേഷും ചെമ്പേഷും ഒക്കെ പറഞ്ഞു മകൻ പെണ്ണുപിടിച്ചതിന് അച്ഛനെന്ത് പിഴച്ചു! ഒപ്പം വ്യക്തിസ്വാതന്ത്ര്യം ബോർഡും നാട്ടി!

2020 ൽ ലഹരി കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡും പിന്നീട് കേസും അറസ്റ്റും ഒക്കെ നടക്കുന്നു. മകൻ തെറ്റു ചെയ്തതിന് അച്ഛനെന്തു പിഴച്ചുവെന്ന ന്യായീകരണം സ്വന്തം മകനെ നിലയ്ക്കു നിർത്താൻ കഴിയാത്തയാളാണോ സംസ്ഥാനത്തിൽ ഭരണത്തിലിരിക്കുന്ന പാർട്ടിയെ നയിക്കേണ്ടതെന്ന ചോദ്യത്തിൽ തട്ടി വീഴുകയായിരുന്നു. എങ്കിലും പിന്നീട് പലപ്പോഴും ഇതേ ക്യാപ്സ്യൂളിൻ്റെ പല തരം വേർഷനുകൾ കമ്മികൾ പലയിടത്തും പ്രയോഗിച്ച് കണ്ടു. എന്തായാലും ഇന്നലെ രാത്രി മുതൽ ഈ ക്യാപ്സ്യൂൾ വിപണിയിൽ നിന്നും താൽകാലികമായി പിൻവലിച്ചിരിക്കുകയാണ്. പകരം ആൻറണി എന്ന അച്ഛൻ്റെ വളർത്തുദോഷം ക്യാപ്സ്യൂൾ പാടത്ത് വിതറിയ യൂറിയ പോലെ ഉണ്ട്. എന്തായാലും പെണ്ണ് കേസുപോലെ, ലഹരി കേസു പോലെ , പ്രമുഖ സഖാക്കൾ കുടുംബസമേതം നാട് നീളെ നടത്തുന്ന കൊല,തട്ടിപ്പ് വെട്ടിപ്പ് പോലെ മ്ലേച്ഛം ആണോ അനിൽ ആൻ്റണിയുടെ രാഷ്ട്രീയ രംഗപ്രവേശം എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ.

Related Articles

Latest Articles