സാന്‍ഫ്രാന്‍സിസ്‌കോ : ട്വിറ്ററിന്റെ വെബ് പതിപ്പിൽ വരുത്തിയിരുന്നു ലോഗോ മാറ്റം കമ്പനി പിൻവലിച്ചു. നീലക്കുരുവിയെ മാറ്റി പകരം ട്രോള്‍ ചിത്രമായ ‘ഡോജ്’ ലോഗോ ആക്കി സിഇഒ ഇലോണ്‍ മസ്‌ക് നടത്തിയ പരീക്ഷണം നേരത്തെ വന്‍ചര്‍ച്ചയായിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഐക്കോണിക്ക് നീലക്കുരുവിയെ മസ്‌ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.
സമ്മിശ്ര പ്രതികരണമാണ് ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് ഈ ലോഗോ മാറ്റത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ട്വിറ്ററിന്റെ മൊബൈല്‍ ആപ്പുകളിലെ ലോഗോയില്‍ മസ്ക് മാറ്റം വരുത്തിയിരുന്നില്ല.
ഷിബ ഇനു ഇനത്തില്‍പെട്ട നായയുടെ തലയാണ് ഡോജ് എന്ന പേരില്‍ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമായിരുന്നത്. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികൾക്കെതിരായി പത്ത് വർഷം മുമ്പ് ഈ ചിത്രം ലോഗോയാക്കി പുറത്തിറങ്ങിയ ഡോജ്കോയിന്‍ എന്ന ഓൺലൈൻ കറന്‍സിയില്‍ നിന്നാണ് ഡോജ് എന്ന ട്രോള്‍ ഉണ്ടായത്. ഡോജ്‌കോയിനെ പിന്നീട് ഇലോണ്‍ മസ്‌ക് പിന്തുണച്ചു തുടങ്ങിയതോടെ അതിന്റെയും മൂല്യമുയര്‍ന്നിരുന്നു. ട്വിറ്റർ ഡോജിനെ ലോഗോ ആക്കിയപ്പോൾ തന്നെ ഡോജ്കോയിന്റെ വിപണി മൂല്യം 30 ശതമാനത്തോളം വർധിച്ചിരുന്നു.

