ദില്ലി : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രക്ക്, ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത് കച്ചവടം ചെയ്ത സീരിയല്‍ കില്ലര്‍ പിടിയില്‍. 67കാരനായ ദേവേന്ദര്‍ ശര്‍മയാണ് പിടിയിലായത്. ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന ഇയാൾ ഇരകളെ കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത ശേഷം മൃതദേഹങ്ങൾ ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ മുതലകള്‍ നിറഞ്ഞ ഹസാര കനാലിലായിരുന്നു ഉപേക്ഷിച്ചിരുന്നത്.
2002 നും 2004 നും ഇടയില്‍ നിരവധി ടാക്‌സി, ട്രക്ക് ഡ്രൈവര്‍മാരെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. ഡ്രൈവര്‍മാരെ ട്രിപ്പിന് വിളിക്കുകയും വഴിമധ്യേ ഇവരെ കൊലപ്പെടുത്തിയ ശേഷം വാഹനങ്ങള്‍ വില്‍ക്കുകയുമായിരുന്നു പ്രതിയുടെ രീതി. 1998 നും 2004 നും ഇടയില്‍ അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റും പ്രതി നടത്തിയിരുന്നു.ദില്ലി , രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ ഏഴ് കേസുകളിലായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗുരുഗ്രാം കോടതി വധശിക്ഷയും ഇയാള്‍ക്ക് വിധിച്ചിട്ടുണ്ട്.

