Sunday, May 19, 2024
spot_img

കിരണിന്റെ മൃതദേഹം വിട്ടുകിട്ടാൻ വിഴിഞ്ഞം പോലീസ് ഇന്ന് തമിഴ്നാട് പോലീസിനെ സമീപിക്കും; പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശേഖരിക്കാൻ തീരുമാനം

തമിഴ്നാട്: ആഴിമലയിൽ കടലിൽ കാണാതായ കിരണിന്റെ മൃതദേഹം വിട്ടുകിട്ടാൻ വിഴിഞ്ഞം പോലീസ് ഇന്ന് തമിഴ്നാട് പോലീസിനെ സമീപിക്കും. തമിഴ്‌നാട്ടിലെ കുളച്ചിലിൽ നിന്നും ലഭിച്ച മൃതദേഹം കിരണിന്റേത് തന്നെയെന്ന് ഇന്നലെ ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.

എത്രയും വേഗം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകാനാണ് പോലീസ് നീക്കം. നിലവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജിലാണ് കിരണിന്റെ മൃതദേഹമുള്ളത്. തമിഴ്നാട് പോലീസിൽ നിന്നു വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പോലീസ് ശേഖരിക്കും

പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടി കൊണ്ട് പോയി മർദ്ദിച്ചെന്നും, മർദ്ദനം പേടിച്ച് ഓടിയപ്പോൾ കാൽവഴുതി കടലിൽ വീണതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. കേസിൽ പെൺകുട്ടിയുടെ സഹോദരി ഭർത്താവിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ വന്ന കിരണിനെ പെൺകുട്ടിയുടെ ചേച്ചിയുടെ ഭർത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേർന്ന് മർദ്ദിച്ചിരുന്നു. ഇതിന് ശേഷം തട്ടി കൊണ്ടുപോവുകയായിരുന്നു.

തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കിരണിൻ്റേത് തന്നെയെന്ന് വ്യക്തമായത് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ്. നാഗർകോവിൽ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. മൃതദേഹത്തിലെ കൈയ്യിലെ ചരടും കിരൺ കൈയ്യിൽ കെട്ടിയിരുന്ന ചരടും തമ്മിൽ സാമ്യമുണ്ടെന്ന് കിരണിന്റെ അച്ഛൻ മധു നേരത്തെ പറഞ്ഞിരുന്നു.

Related Articles

Latest Articles