Tuesday, September 22, 2026

‘വ്യവസായ സൗഹൃദ കേരളം’ ഓടിച്ചുവിട്ട കിറ്റെക്‌സ് ടെക്സ്റ്റൈൽ യൂണിറ്റ് തെലങ്കാനയിൽ രണ്ടു മാസത്തിനകം പ്രവർത്തനം തുടങ്ങും; രാജ്യത്തെ ഏറ്റവും വലിയ ടെക്സ്റ്റൈൽ പാർക്കായ കാകതിയ ടെക്സ്റ്റൈൽ പാർക്കിൽ ഉദ്‌ഘാടനത്തിന് ഒരുങ്ങി നിൽക്കുന്ന കിറ്റെക്‌സ് യൂണിറ്റുകളുടെ ചിത്രം പങ്കുവച്ച് വ്യവസായമന്ത്രി

വാറങ്കൽ: രാഷ്ട്രീയ പകപോക്കൽ ആരോപിച്ച് കേരളം വിട്ട കിറ്റെക്‌സ് ടെക്സ്റ്റൈൽ യൂണിറ്റുകൾ ഉദ്‌ഘാടനത്തിനു തയ്യാറെടുക്കുന്നു. തെലങ്കാനയിലെ വാറങ്കലിൽ 1350 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കാകതിയ ടെക്സ്റ്റൈൽ പാർക്കിൽ ഉദ്‌ഘാടനത്തിനു ഒരുങ്ങി നിൽക്കുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു. രാജ്യത്തെ ഏറ്റവും വലിയ ടെക്സ്റ്റൈൽ പാർക്കാണ് കാകതിയ ടെക്സ്റ്റൈൽ പാർക്ക്. രണ്ടുമാസത്തിനകം ഉദ്‌ഘാടനം നടക്കുമെന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആയിരിക്കും ഉദ്ഘാടകനെന്നും മന്ത്രി ട്വിറ്ററിൽ അറിയിച്ചു.

കേരളം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കുട്ടികളുടെ വസ്ത്ര നിർമ്മാതാവാണ് കിറ്റെക്‌സ്. കിറ്റെക്‌സിന്റെ ഓഫീസുകളിൽ വ്യാപകമായ റെയ്‌ഡുകൾ നടത്തി ബുദ്ധിമുട്ടിക്കുന്നുവെന്നും എൽ ഡി എഫ് സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും ആരോപിച്ചാണ് കിറ്റെക്‌സ് കേരളം വിട്ടത്. കിറ്റെക്‌സ് ചെയർമാൻ സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എന്ന രാഷ്ട്രീയ പാർട്ടിയുമായി ഭരണകക്ഷിയായ സി പി എമ്മിനുള്ള പ്രശ്നങ്ങളാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാബു എം ജേക്കബ് ആരോപിച്ചിരുന്നു. 1000 കോടി രൂപയുടെ അപ്പാരൽ പാർക്കാണ് കിറ്റെക്‌സ് വാറങ്കലിൽ നിർമ്മിച്ചിരിക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും പാലക്കാടും 3500 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള പദ്ധതിയിൽ നിന്നും കിറ്റെക്‌സ് പിന്മാറിയിരുന്നു.

ഗുജറാത്തും തെലങ്കാനയും അടക്കം നിരവധി സംസ്ഥാനങ്ങൾ, കേരളം വിടുന്നുവെന്ന വാർത്തകളെ തുടർന്ന് പലവിധ ഇളവുകളുമായി കിറ്റെക്‌സിനെ അന്ന് സമീപിച്ചിരുന്നു. ഒടുവിൽ കമ്പനി തെലങ്കാന തെരഞ്ഞെടുക്കുകയായിരുന്നു. പ്രത്യേക വിമാനമയച്ചാണ് കിറ്റെക്‌സ് അധികൃതരെ തെലങ്കാന ചർച്ചകൾക്കായി അന്ന് ക്ഷണിച്ചത്.

Related Articles

Latest Articles