കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ പ്രതികളുടെ ജാമ്യ ഹർജികൾ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയുടെ അനുമതി. നടപടി ജഡ്ജിക്ക് സിപിഎം ബന്ധമുള്ളതിനാല്‍ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ദീപുവിന്റെ അച്ഛനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ പ്രതികൾ സിപിഎം പ്രവർത്തകരാണ്.
കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയ്ക്ക് വ്യക്തമായ സിപിഎം ബന്ധമുണ്ടെന്നും തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജി എന്നും ഹർജിയിൽ അറിയിച്ചിരുന്നു. ഇതേതുടർന്ന് പ്രതികള്‍ ജാമ്യഹര്‍ജി നല്‍കിയതിന് പിന്നാലെ ഈ കോടതിയില്‍ നിന്ന് മകന്റെ കൊലപാതകത്തില്‍ നീതി ലഭിക്കില്ലെന്ന തോന്നല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ദീപുവിന്റെ അച്ഛന് ഹര്‍ജിയില്‍ വ്യക്തമാക്കി.
കേസ് പരിഗണിക്കുമ്പോള്‍ സ്വാഭാവികമായി പ്രതികളുടെ ജാമ്യഹര്‍ജിയുടെ നോട്ടീസോ മറ്റ് രേഖകളോ കോടതിയിൽ നിന്ന് തങ്ങൾക്ക് നല്‍കേണ്ടതായിരുന്നു. അത് നല്‍കിയില്ല. ഈ സാഹചര്യത്തിൽ നീതി ലഭിക്കില്ലെന്നും ജാമ്യ ഹർജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുമാണ് ആവശ്യപ്പെട്ടത്.
അതേസമയം ജഡ്ജിയുടെ സിപിഎം ബന്ധം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചില തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതായും ഇവര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ദീപുവിന്റെ അച്ഛന് ഹര്‍ജി
ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാല് പേരാണ് കേസിലെ പ്രതികള്‍.

