Sunday, April 28, 2024
spot_img

ബഡ്‌ജറ്റിൽ മാജിക്ക് പ്രതീക്ഷിക്കണ്ട ! അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ധനമന്ത്രിയുടെ മുൻ‌കൂർ ജാമ്യം; സംസ്ഥാനത്തിന്റെ വികസന പ്രതീക്ഷകൾ മങ്ങുന്നു

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബഡ്‌ജറ്റിൽ ഒരു മാജിക് പ്രതീക്ഷിക്കേണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തിന്റെ എല്ലാ മേഖലയിലും പുരോഗതി ഉണ്ടാക്കാന്‍ പറ്റുന്ന കാര്യങ്ങളാകും ബഡ്‌ജറ്റിൽ ഉണ്ടാകുകയെന്ന് ധനമന്ത്രി പറയുന്നതെങ്കിലും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള മുൻ‌കൂർ ജാമ്യമായാണ് മന്ത്രിയുടെ പ്രസ്താവനയെ പലരും വിലയിരുത്തുന്നത്. ഫീസും നികുതികളും സംസ്ഥാന സര്‍ക്കാരിന്റെ ധനാഗമ മാര്‍ഗങ്ങളാണ്. അതില്‍ കാലോചിതമായ മാറ്റങ്ങള്‍ എപ്പോഴും നടക്കുന്നതാണെന്നും മന്ത്രി പറയുന്നു. ഇത്തരം ഇനങ്ങളിൽ വർദ്ധനവുണ്ടാകുമെന്ന സൂചനയാണിത്. വരുമാനവർദ്ധനവ് ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെടുകയും ചെലവ് നിയന്ത്രണാതീതമായി വർദ്ധിക്കുകയും ചെയ്യുന്ന സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

കേന്ദ്ര ഗ്രാന്റുകളടക്കമുള്ള വരുമാനത്തിൽ വലിയ കുറവ് പ്രതീക്ഷിക്കുന്ന സാമ്പത്തിക വർഷമാണ്. റവന്യു ചെലവുകൾക്ക് പോലും കടമെടുക്കേണ്ട അവസ്ഥയിലുമാണ് സംസ്ഥാനം അതുകൊണ്ടു തന്നെ കിഫ്‌ബി പദ്ധതികൾ കൊണ്ട് ഊതിവീർപ്പിച്ച ബഡ്‌ജറ്റുകളാണ് കഴിഞ്ഞ വർഷങ്ങളിൽ എൽ ഡി എഫ് സർക്കാർ മുന്നോട്ട് വച്ചത്. അതുകൊണ്ടുതന്നെ നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും യാഥാർഥ്യമായതുമില്ല. ഇത്തവണ കിഫ്‌ബി പദ്ധതികൾ ബഡ്‌ജറ്റിലേക്ക് ശുപാർശ ചെയ്യേണ്ടതില്ലെന്ന് ജനപ്രതിനിധികളെ സർക്കാർ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles