കൊല്ലം ∙ എസ്എൻസി ലാവ്‌ലിൻ കമ്പനിയിൽ പ്രാതിനിധ്യമുള്ള സിഡിപിക്യു എന്ന സ്ഥാപനത്തിനു കിഫ്ബിയുടെ മസാല ബോണ്ടിൽ നിക്ഷേപിക്കുന്നതിൽ തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ത്യയിൽ കോടികളുടെ നിക്ഷേപം കമ്പനി നടത്തിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
എസ്എൻസി ലാവ്‌ലിനുമായി മസാല ബോണ്ടിലെ നിക്ഷേപത്തിനു ഒരു ബന്ധവുമില്ലെന്നു കഴിഞ്ഞ ദിവസത്തെ അഭിപ്രായം തിരുത്തിയാണു കോടിയേരി പുതിയ വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നില്ല. ധനകാര്യ വകുപ്പാണ് ഇതു കൈകാര്യം ചെയ്യുന്നത്. ധനമന്ത്രിയും കിഫ്ബി ചീഫ് എക്സിക്യുട്ടീവ് ഓഫിസറും മറുപടി പറഞ്ഞിട്ടുണ്ട്.

