Sunday, October 4, 2026

ഹിന്ദു പാക്കിസ്താന്‍ പരാമര്‍ശം; ശശി തരൂരിനെ അറസ്റ്റ് ചെയ്തു ഹാജരാക്കണമെന്ന് കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ കോടതി

കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ കോടതിയുടേതാണ് ഉത്തരവ്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ നടത്തിയ ഹിന്ദു പാക്കിസ്താന്‍ എന്ന വിവാദ പരാമര്‍ശത്തിലാണ് കോടതി ഉത്തരവ്. അഡ്വക്കേറ്റ് സുമിതി ചൗധരി ഫയല്‍ ചെയത് കേസിലാണ് കോടതി ഉത്തരവ്. തിരുവനന്തപുരത്തെ പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു തരൂരിന്‍റെ വിവാദ പ്രസ്താവന. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യ ‘ഹിന്ദു പാക്കിസ്താനാ’കുമെന്നായിരുന്നു കോണ്‍ഗ്രസ് എംപിയുടെ വാക്കുകള്‍. 2019ലും ബിജെപി വിജയിച്ചാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നും ഭരണഘടന തന്നെ പൊളിച്ചെഴുതുമെന്നും തരൂര്‍ പറഞ്ഞു.

ശശി തരൂരിന്‍റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി രംഗത്തെത്തിയിരുന്നു. ‘ഹിന്ദു പാക്കിസ്താന്‍’ വിഷയത്തില്‍ ശശി തരൂരിനു കോണ്‍ഗ്രസ് താക്കീത് നല്‍കിയിരുന്നു. വാക്കുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു പാര്‍ട്ടി ശശി തരൂരിനെ ഉപദേശിച്ചു. എന്നാല്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായാണ് ശശി തരൂര്‍ പ്രതികരിച്ചത് . ഹിന്ദു തത്വങ്ങളില്‍ അധിഷ്ഠിതമായ രാജ്യ നിര്‍മാണത്തിനു ബി ജെ പി തന്നെ പ്രോത്സാഹനം നല്‍കുമ്പോള്‍ താന്‍ മാപ്പു പറയേണ്ട ആവശ്യമില്ലെന്നു ശശി തരൂര്‍ പറഞ്ഞു. 2013-ലും താന്‍ ഇതു തന്നെ പറഞ്ഞിരുന്നതായും തരൂര്‍ ഓര്‍മിപ്പിച്ചു.

Related Articles

Latest Articles