Saturday, September 26, 2026

‘പേര് ആരോഗ്യ കേരളം ഗതി ഇതാണ് ‘…! ഒരു ഒപി മാത്രം, ഐസിയുവും കാത്ത് ലാബും ഇല്ല,ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷം, ജനങ്ങൾക്ക് ഇന്ന് വരെ പ്രയോജനപ്പെടാതെ ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലെ കോന്നി മെഡിക്കൽ കോളേജ്

പത്തനംതിട്ട: ആരോഗ്യകേരളം സമ്പുഷ്ട കേരളം എന്നൊക്കെ വാഴ്ത്തിപ്പാടുന്നവർ കോന്നി മെഡിക്കൽ കോളേജിന്റെ അവസ്ഥ ഒന്ന് കാണണം. ഉദ്ഘാടനം കഴിഞ്ഞ് വർഷം 2 കഴിഞ്ഞിട്ടും ജനങ്ങൾക്ക് ഇന്ന് വരെ പ്രയോജനപ്പെടാതെ നിൽക്കുകയാണ് കോന്നി മെഡിക്കൽ കോളേജ്. ഇവിടെയുള്ളത് ആകെ ഒരു ഒപി മാത്രം. ഐസിയുവും കാത്ത് ലാബും ഇല്ല.വിദഗ്ധ ചികിത്സക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയേയോ കോട്ടയം മെഡിക്കൽ കോളേജിനെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ. അവഗണനയുടെ പടുകുഴിയിലാണ് മെഡിക്കൽ കോളേജ് ആശുപത്രി.

സ്പെഷ്യാലിറ്റി ഓപികൾ പ്രവർത്തിക്കുന്നുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ഓപികളൊന്നുമില്ല. ദിവസവും വൈകിട്ട് 3.30 വരെ ഓപിയുണ്ടെങ്കിലും ഒരു മണിക്ക് ശേഷം ഓപി ടിക്കറ്റ് നൽകില്ല. കിടത്തി ചികിത്സയുണ്ടെങ്കിലും വിദഗ്ധ ചികിത്സ വേണ്ടിവന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യും, അല്ലെങ്കിൽ കോട്ടയത്തേക്ക് പോകേണ്ടി വരും.മെഡിക്കൽ കോളേജിന് വേണ്ടത്ര ഡോക്ടർമാരും നഴ്സുമാരും ഇല്ല. അത്യാഹിത വിഭാഗത്തിൽ സൗകര്യങ്ങളുടെ കുറവ്. ഐസിയു പ്രവർത്തനം തുടങ്ങിയില്ല. കാത്ത് ലാബില്ല, കാർഡിയോളജി വിഭാഗമില്ല.

ഗൈനക്കോളജി ഡോക്ടർ ഉണ്ടെങ്കിലും ഓപ്പറേഷൻ തിയറ്റേറിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. സിടി സ്കാൻ മെഷീൻ സ്ഥാപിച്ചിട്ടും പ്രവർത്തിക്കാനുള്ള കേന്ദ്ര ആറ്റമിക് എനർജി റിസർച്ച് ബോർഡിന്റെ ലൈസൻസ് കിട്ടിയിട്ടില്ല. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഓക്സിജൻ പ്ലാന്റിൽ ഓപ്പററ്റർ ഇല്ലാത്തതും ആശുപത്രി പ്രവർത്തനത്തിന് വെല്ലുവിളിയാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്കായുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുകയാണ് ആശുപത്രി കെട്ടിടത്തിന്റെ ഒരു നില. ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ആശുപത്രിക്ക് ഈ അവസ്ഥ വന്നത് എന്നത് ഏറെ ലജ്ജാകരമാണ്.

Related Articles

Latest Articles