Wednesday, May 15, 2024
spot_img

കൂടത്തായി കൊലപാതക പരമ്പര; ആദ്യ കുറ്റപത്രം നാളെ സമര്‍പ്പിക്കും

പയ്യോളി: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം നാളെ സമര്‍പ്പിക്കും. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിക്കുക. ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുളളത്.

ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകാന്‍ രണ്ട് ദിവസം അവശേഷിക്കുമ്പോഴാണ് പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

നാളെ രാവിലെ 10 മണിക്ക് താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് കുറ്റപത്രം നല്‍കുക. ആയിരത്തോളം പേജുകളുള്ള സമഗ്രമായി കുറ്റപത്രമാണ് അന്വേഷണ സംഘം തയാറാക്കിയിരിക്കുന്നത്. റോയി തോമസിന്റെ ഭാര്യ ജോളി, റോയ് തോമസിന്റെ ബന്ധു എംഎസ് മാത്യു, താമരശ്ശേരിയിലെ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജു കുമാര്‍, കട്ടാങ്ങലിലെ സിപിഐഎം മുന്‍ നേതാവ് മനോജ് എന്നിങ്ങനെ നാല് പ്രതികളാണ് കേസിലുള്ളത്.

സൈനഡ് ശരീരത്തിനുള്ളില്‍ കടന്നതാണ് റോയി തോമസ് മരിച്ചതെന്ന് തെളിയിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസിലെ മുഖ്യ തെളിവ്. കൂടാതെ കൊലപാതക കാരണത്തിലേക്ക് നയിച്ച വ്യാജ ഒസ്യത്താണ് കേസിലെ മറ്റൊരു തെളിവ്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. കേരള പൊലീസിന് ഏറെ വെല്ലുവിളി നിറഞ്ഞ കേസില്‍ ജോളിക്കെതിരെ പഴുതടച്ചുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നല്‍കാനൊരുങ്ങുന്നത്.

Related Articles

Latest Articles