കോട്ടയം: കോട്ടയം മറിയപ്പള്ളിയിൽ പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞു. ലോറിക്കുള്ളിലെ ഡ്രൈവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പാറശാല സ്വദേശി അജികുമാറാണ് ലോറിക്കിടയിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം ഇന്നലെ രാത്രിയിൽ തന്നെ നടത്തിയെങ്കിലും വെളിച്ചത്തിന്റെ കുറവ് മൂലം ദുഷ്കരമായിരുന്നു. ഇന്ന് രാവിലെ സ്‌കൂബാ ഡൈവിങ് സംഘവും ഫയർ ഫോഴ്‌സും എത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്.
13 ടൺ ഭാരമുള്ള ലോറിയാണ് പാറമടക്കുളത്തിലേയ്ക്ക് മറിഞ്ഞത്. ചങ്ങനാശേരിയിൽ നിന്ന് രണ്ട്‍ ക്രെയിനുകൾ എത്തിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും അതും ദുഷ്‌ഫലമാകുകയായിരുന്നു. 30 ടണിന്റെ രണ്ട് ക്രെയിനുകളാണ് രക്ഷപ്രവർത്തനത്തിനായി കൊണ്ടുവന്നത്.
ലോറിക്കുളിൽ ഡ്രൈവർ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി വി എൻ വാസവൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ സ്ഥലത്തെത്തിയിരുന്നു.

