Sunday, May 19, 2024
spot_img

കൊട്ടിയൂർ പീഡനം: ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാ. റോബിന്‍ വടക്കുംചേരിയുടെ ഹർജി ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കും

കൊച്ചി: കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദർ റോബിന്‍ വടക്കുംചേരി ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ ഹാജരാക്കിയതെന്നാണ് അപ്പീലില്‍ പറയുന്നത്.

ഉഭയസമ്മതപ്രകാരമാണ് ബന്ധം നടന്നതെന്നും പെൺകുട്ടിയുടെ പ്രായം ശാസ്ത്രീയമായി കണക്കാക്കണമെന്ന ആവശ്യം വിചാരണക്കോടതി പരിഗണിച്ചില്ലെന്നും അപ്പീലില്‍ പറയുന്നു. കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊട്ടിയൂർ നീണ്ടുനോക്കിയിലെ പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരിയാണ്‌ ഒന്നാം പ്രതി.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിൻ വടക്കുംചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കു‍ഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറയാതിരിക്കാൻ വൈദികൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തു.

Related Articles

Latest Articles