Tuesday, May 14, 2024
spot_img

കവടിയാറിൽ വീടിന് നേരെ പെട്രോൾ ബോംബേർ; പ്രകോപനത്തിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്ന് സൂചന, സിസിടിവി ക്യാമറകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം:കവടിയാറിന് സമീപം വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. ബിസിനസുകാരനായ പ്രവീൺ ചന്ദ്രന്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ബോംബേറിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

ഞായറാഴ്ച പുലർച്ചെ നാലര മണിക്കായിരുന്നു സംഭവം നടന്നത്. പ്രവീൺ ചന്ദ്രന്റെ വീടിന് അരികിലുള്ള കാർ പോർച്ചിലേക്ക് ബോംബ് എറിയുകയായിരുന്നു. പെട്രോൾ നിറച്ച കുപ്പിക്ക് ചുറ്റും നാടൻ പടക്കങ്ങൾ വെച്ചുകെട്ടിയാണ് എറിഞ്ഞത്. പടക്കങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

ഈ സമയം വീട്ടുകാരനായ പ്രവീൺ ചന്ദ്രൻ ഉറങ്ങിയിരുന്നില്ല. ശബ്ദം കേട്ട് പുറത്തുവന്നപ്പോൾ തീയാളി പടരുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടെത്. ഇതോടെ പ്രവീൺ തന്നെ വേഗം തീയണച്ചു.

സംഭവത്തിൽ പേരൂർക്കട പോലീസിനാണ് പ്രവീൺ പരാതി നൽകിയത്. സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രവീണുമായി സാമ്പത്തിക തർക്കമുള്ള വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണെന്ന് പേരൂർക്കട പോലീസ് അറിയിച്ചു.

Related Articles

Latest Articles