Tuesday, September 22, 2026

കോഴിക്കോട് ഭീകരാക്രമണം: ഷാരൂഖ് സെയ്ഫിക്കെതിരേ യു.എ.പി.എ. ചുമത്തി

കോഴിക്കോട്: കോഴിക്കോട് ഭീകരാക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്ഫിക്കെതിരേ യുഎപിഎ ചുമത്തി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം നല്‍കിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് വിവരമുള്ളത്. യുഎപിഎ ചുമത്തപ്പെട്ടതോടെ കേസ് എന്‍ഐഎയ്ക്ക് കൈമാറിയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

ഐ.പി.സി. 307, 326 എ, 436, 438, റെയില്‍വേ ആക്ടിലെ 151 എന്നിങ്ങനെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്. തീവ്രവാദബന്ധമുണ്ടെന്ന് എന്‍ഐഎ അടക്കം സൂചനകള്‍ നല്‍കിയിട്ടും പ്രതിക്കെതിരേ യുഎപിഎ ചുമത്താത്തതിനെത്തുടർന്ന് നേരത്തെ കടുത്ത വിമര്‍ശനമാണ് അന്വേഷണ സംഘം ഏറ്റുവാങ്ങിയിരുന്നത്.

ഷാരൂഖ് സെയ്ഫിയെ പോലീസ് കസ്റ്റഡിയില്‍ കിട്ടിയിട്ട് പത്തുദിവസത്തോളമായിട്ടും ഇയാൾ അന്വേഷണ സംഘവുമായി സഹകരിക്കുന്നുണ്ടായിരുന്നില്ല. ആക്രമണത്തിന് തനിക്കാരുടെയും സഹായം കിട്ടിയിട്ടില്ലെന്ന മൊഴിയില്‍ ഷാരൂഖ് സെയ്ഫി ഉറച്ചുനില്‍ക്കുന്നതും തീവ്രവാദബന്ധമുണ്ടെന്ന് എന്‍.ഐ.എ. സൂചന നല്‍കിയിട്ടും അതിനുള്ള തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതും കേരള പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു.

ആക്രമണത്തിനു പിന്നിലെ തീവ്രവാദബന്ധം തള്ളാനാവില്ലെന്ന് എന്‍.ഐ.എ. ഡി.ഐ.ജി. എസ്. കാളിരാജ് മഹേഷ് കുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു . ദേശീയ അന്വേഷണ എജന്‍സിക്കൊപ്പം ഇന്റലിജന്‍സ് ബ്യൂറോയും വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദവിരുദ്ധ സ്‌ക്വാഡുകളും കേസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു.

Related Articles

Latest Articles