Saturday, May 18, 2024
spot_img

കോഴിക്കോട് ട്രെയിൻ തീവയ്പ്പ്: പോലീസ് പ്രതിക്ക് തൊട്ടരികിലെന്ന് സൂചന; പ്രതിയെ സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയ വാഹനഉടമയെ തിരിച്ചറിഞ്ഞു; പ്രതിയെക്കുറിച്ചും സൂചനകൾ ലഭിച്ചെന്ന് പോലീസ്

തിരുവനന്തപുരം: കോഴിക്കോട് എലത്തൂരിലെ ട്രെയിൻ തീവയ്പ്പ് കേസ്സിൽ പോലീസ് പ്രതിക്ക് തൊട്ടരികിലെന്ന് സൂചന. പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട ഇരുചക്ര വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതായും പ്രതി ഉടൻ വലയിലാകുമെന്നും സൂചന. പ്രതി രക്ഷപ്പെടുന്നതിന്റെ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ആ ദൃശ്യങ്ങളിൽ പ്രതി ഫോൺ ചെയ്യുന്നതായും പിന്നാലെ ഒരാൾ ഇരുചക്ര വാഹനത്തിലെത്തി അയാളെ കൊണ്ടുപോകുന്നതായും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഈ ഫോൺ കോളും വാഹനത്തിന്റെ നമ്പറും പ്രതിയിലേക്കെത്തനുള്ള നിർണ്ണായക വിവരങ്ങളായി മാറുകയായിരുന്നു. നേരത്തെ ഡിജിപി അനിൽ കാന്തും പ്രതിയെ കുറിച്ച് ചില സൂചനകൾ ലഭിച്ചതായി പറഞ്ഞിരുന്നു. എലത്തൂർ പോലീസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. രേഖാചിത്രം റെയിൽവേ പോലീസ് ഉടൻ പുറത്തുവിടും.

ഇന്നലെ രാത്രി ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് എലത്തൂര്‍ സ്റ്റേഷന്‍ പിന്നിട്ടതിന് പിന്നാലെ രാത്രി 09.20-ഓടെയാണ് അക്രമസംഭവം അരങ്ങേറുന്നത്. കൈയില്‍ പെട്രോള്‍നിറച്ച കുപ്പിയുമായി D1 കോച്ചിലെത്തിയ അക്രമി യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും പിന്നാലെ തീകൊളുത്തുകയുമായിരുന്നു. യാത്രക്കാരുടെ ദേഹത്തും ട്രെയിനിനകത്തും ഇതോടെ തീ ആളിപ്പടര്‍ന്നു. യാത്രക്കാര്‍ പരിഭ്രാന്തരായി. കൂട്ടനിലവിളി ഉയര്‍ന്നു. ഇതിനിടെ തീയണയ്ക്കാനുള്ള ശ്രമങ്ങളും യാത്രക്കാര്‍ നടത്തി. റിസര്‍വേഷന്‍ കോച്ചായ D1-ല്‍ തീ കണ്ടതോടെ മറ്റുകോച്ചുകളിലുള്ളവരാണ് ട്രെയിനിലെ അപായച്ചങ്ങല വലിച്ചതെന്നാണ് യാത്രക്കാര്‍ നല്‍കിയ പ്രാഥമികവിവരം. ട്രെയിനിന് തീപിടിച്ചെന്നായിരുന്നു മറ്റുകോച്ചുകളിലെ യാത്രക്കാര്‍ ആദ്യം കരുതിയിരുന്നത്. പിന്നീടാണ് ഒരാള്‍ തീകൊളുത്തിയതാണെന്ന വിവരമറിഞ്ഞത്. അതേസമയം, അപായച്ചങ്ങല വലിച്ചപ്പോള്‍ ട്രെയിനിന്റെ മിക്ക കോച്ചുകളും കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ഇതുകാരണം പരിക്കേറ്റവരെ പുറത്തെത്തിക്കാനും താമസം നേരിട്ടു. മറ്റുകോച്ചുകളിലൂടെയാണ് ഇവരെ ട്രെയിനിന് പുറത്തേക്ക് ഇറക്കിയത്.

Related Articles

Latest Articles