Monday, June 3, 2024
spot_img

അന്തരിച്ച നടി കെ പി എ സി ലളിതയെ കാണാൻ മോഹൻ ലാൽ എത്തിയപ്പോൾ

അനുഗ്രഹീത നടി കെ പി എ സി ലളിത അരങ്ങൊഴിയുമ്പോൾ ആ വേർപാടിൽ എന്തു ചെയ്യണമെന്നറിയാതെ വിങ്ങിപ്പൊട്ടുന്ന സഹ നടീ നടന്മാരെയാണ് ഇന്നലെ അർധരാത്രിമുതൽ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രി 10.45 ഒടുകൂടിയാണ് ലളിതയുടെ അന്ത്യം സംഭവിക്കുന്നത്. അപ്പോൾ മുതൽ സഹ താരങ്ങൾ തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലേക്കെത്തിയിരുന്നു. രാത്രി 12 മണിയോടെ നടൻ മോഹൻലാൽ ലളിതയുടെ അരികിലെത്തി. സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നത് കൊണ്ട് മാടമ്പി എന്ന സിനിമയുടെ ഓർമ്മകളിലേക്കാണ് മോഹൻലാൽ പോയത്. “എനിക്ക്‌ ഒരുപാട് ആത്മബന്ധമുള്ള ഒരാളായിരുന്നു ലളിതച്ചേച്ചി. ഉണ്ണികൃഷ്ണൻ അരികിലുള്ളപ്പോൾ ‘മാടമ്പി’ എന്ന സിനിമയിലെ ആ പാട്ടാണ് ഓർമ വരുന്നത്. ‘അമ്മ മഴക്കാറിനു കൺനിറഞ്ഞു…’ എന്ന പാട്ടുപോലെ ഒരമ്മ. അടുത്തകാലത്ത്‌ ചേച്ചിയെ നേരിട്ടു കാണാൻ കഴിഞ്ഞില്ല. എന്നാൽ, ചേച്ചിയുടെ രോഗവിവരങ്ങളെല്ലാം ഇടയ്ക്ക്‌ ഞാൻ ഫോണിലൂടെ തിരക്കിയിരുന്നു’’ മോഹൻലാൽ ചുരുങ്ങിയ വാക്കുകളിൽ കെ പി എ സി ലളിതയെ അനുസ്മരിക്കുമ്പോൾ ചുറ്റും നിന്നവരെല്ലാം കണ്ണുകൾ ഈറനണിഞ്ഞ് നിൽക്കുകയായിരുന്നു. ലളിതയോട്‌ ഏറെ ആത്മബന്ധം പുലർത്തിയിരുന്ന നടി മഞ്ജു പിള്ള നടനും താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു, ഫെഫ്ക ജനറൽ സെക്രട്ടറിയായ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ താരങ്ങളായ ദിലീപ്, കാവ്യ മാധവൻ, ഫഹദ് ഫാസിൽ, ബാബുരാജ്, രചന നാരായണൻകുട്ടി, ടിനി ടോം, ബാബുരാജ് തുടങ്ങിയവരെല്ലാം രാത്രിതന്നെ ലളിതയ്ക്ക്‌ പ്രണാമമർപ്പിക്കാൻ തൃപ്പൂണിത്തുറയിപ്പോലെ ഫ്‌ളാറ്റിലെത്തിയിരുന്നു. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. രക്ഷിതാക്കൾ ചെങ്ങന്നൂര്‍ അമ്പലത്തില്‍ ഭജനമിരുന്ന് പിറന്ന മകൾക്ക് മഹേശ്വരി എന്നവർ പേരിട്ടു. സ്‌കൂള്‍ കാലം മുതല്‍ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം. രാമപുരത്തെ സ്‌കൂളില്‍ വച്ചാണ് ആദ്യമായി നൃത്തവേദിയില്‍ കയറിയത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ ‘പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ…’യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. പത്താംവയസ്സില്‍ നൃത്തപഠനത്തില്‍നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളിലും അവിടെ നിന്ന് അഭ്രപാളിയിലേക്കും ലളിത നിറസാന്നിധ്യമായി. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. 1970 ൽ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ, നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതയ്ക്ക്. കെ.എസ് സേതുമാധവനായിരുന്നു സംവിധായകൻ. അതിനു ശേഷം സിനിമയിൽ സജീവമായി.

1978 ൽ സംവിധായകൻ ഭരതനെ വിവാഹം കഴിച്ചു. ഭരതൻ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്. അടൂർ‌ ഗോപാലകൃഷ്ണന്റെ മതിലുകളിൽ ശബ്ദസാന്നിധ്യമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കഥ തുടരും’ എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. അതിനു ചെറുകാട് പുരസ്കാരം ലഭിച്ചു. എറണാകുളത്ത് തൃപ്പൂണിത്തുറയിൽ, മകൻ, നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ ഫ്ലാറ്റിൽ ഇന്നലെ രാത്രി 10.45-നായിരുന്നു അന്ത്യം. കരൾരോഗം കാരണം ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. മൃതദേഹം ഇന്ന് രാവിലെ എട്ട് മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയോടെയാകും മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിക്കുക.

Related Articles

Latest Articles