Monday, May 20, 2024
spot_img

മാസപ്പടി വിവാദത്തിൽ ഭരണ – പ്രതിപക്ഷ പോര് കനക്കുന്നു ! മാത്യു കുഴൽനാടന്റെ ഉന്നയിച്ച ഗുരുതരാരോപണങ്ങളിൽ വെന്തുരുകി സിപിഎം; വെല്ലുവിളിച്ച കുഴൽനാടനോ വാ തുറക്കാത്ത മുഖ്യമന്ത്രിക്കോ ആണത്തമെന്ന് കെ.സുധാകരൻ ! മാസപ്പടിവിവാദം സർക്കാരിന്റെ അടിക്കല്ലിളക്കുന്നുവോ?

കണ്ണൂർ : മാസപ്പടി വിവാദത്തിൽ ഭരണ – പ്രതിപക്ഷ പോര് രൂക്ഷമാകുന്നു. ഇന്നലെ മാത്യു കുഴൽനാടൻ കണക്കുകൾ പുറത്ത് വിട്ടുകൊണ്ട് നടത്തിയ ഗുരുതരാരോപണങ്ങൾ കൂടിയായപ്പോൾ വിവാദത്തിന്റെ ചൂട് ഏറിയിരിക്കുകയാണ്. വീണ ഐജിഎസ്ടി കൊടുത്തെന്ന് തെളിയിച്ചാൽ കുഴൽനാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ എന്ന വെല്ലുവിളിയുമായി സിപിഎം നേതാവ് എ.കെ.ബാലൻ രംഗത്ത് വന്നതിന് പിന്നാലെ കുഴൽനാടന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത് വന്നു. ആരോപണങ്ങൾ ഉയർന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ ആണത്തമെന്ന് കെ.സുധാകരൻ തുറന്നടിച്ചു. ആർക്കും വന്ന് രേഖകൾ പരിശോധിക്കാമെന്ന് മാത്യു കുഴൽനാടൻ വെല്ലുവിളിച്ചത് പോലെ പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോയെന്നും സുധാകരൻ ചോദിച്ചു

‘‘ആർക്കും വന്ന് രേഖകൾ പരിശോധിക്കാമെന്ന് മാത്യു കുഴൽനാടൻ വെല്ലുവിളിച്ചില്ലേ? പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോ? മാത്യു കുഴൽനാടനും കോൺഗ്രസും ആ നട്ടെല്ല് കാണിച്ചിരിക്കുന്നു. നിങ്ങൾക്ക് ഏതു രേഖ വേണം? തോമസ് ഐസക്ക് വന്നു പരിശോധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞില്ലേ? കൊള്ളാവുന്നൊരു സിപിഎം നേതാവല്ലേ അദ്ദേഹം? എന്നിട്ടും എന്താണു പോകാത്തത്? എന്താണ് ആ വെല്ലുവിളി സിപിഎം ഏറ്റെടുക്കാത്തത്?’

അഴിമതി ആരോപണം ഉയർന്നപ്പോൾ ഇത്ര നട്ടെല്ലോടെ പ്രതികരിച്ച മറ്റൊരു പൊതുപ്രവർത്തകനുണ്ടോ? അദ്ദേഹത്തിന് യാതൊരു ഭയപ്പാടുമില്ല. ഞങ്ങളൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട്. പക്ഷേ, ഒരു പരാതിയെക്കുറിച്ചും അദ്ദേഹത്തിന് ഭയപ്പാടില്ല. അദ്ദേഹത്തിന്റെ കൈവശം എല്ലാ രേഖകളുമുണ്ട്. അത് ആർക്കും കൊടുക്കും. ആർക്കും പരിശോധിക്കാം. ഇതെല്ലാം പറയുന്നതിന് അപ്പുറം വേറെ എന്തു വേണം?’

ഈ സിപിഎമ്മുകാർ പറഞ്ഞുപറഞ്ഞ് എത്ര പുകമറകളാണ് തീർത്തിരിക്കുന്നത്. എന്റെ പിന്നിൽ ഇഡിയുണ്ട്. എന്റെ പിന്നിൽ വിജിലൻസുണ്ട്, എന്റെ പിന്നിൽ മറ്റു കേസുകളുണ്ട് എന്നെല്ലാം പറഞ്ഞിട്ട് എന്തായി? വെറുതെ ആളുകൾക്കു മുന്നിൽ പുകമറ സൃഷ്ടിക്കുക, ആളുകളെ ഇകഴ്ത്തിക്കാട്ടുക തുടങ്ങിയ സിപിഎമ്മിന്റെ നാണംകെട്ട, നെറികെട്ട ശൈലിയാണത്. യാതൊരു ധാർമികതയുമില്ലാതെ അവർ ഇത്രയും അധപതിച്ചതിൽ വിഷമമുണ്ട്. മുഖ്യമന്ത്രിക്കു പോലും ധാർമികതയില്ല.’

ഇത്രയും പ്രശ്നങ്ങളുണ്ടായിട്ട് ആ മനുഷ്യൻ ഒരു വാക്ക് ഉരിയാടിയോ? ആർക്കാണ് ആണത്തമുള്ളത്? മുഖ്യമന്ത്രിക്കാണോ കുഴൽനാടനാണോ? മറുപടി പറയാനുള്ള നട്ടെല്ലും തന്റേടവും മുഖ്യമന്ത്രിക്കുണ്ടോ? പത്രക്കാരുടെ മുന്നിൽ അദ്ദേഹത്തിന്റെ നാവു പൊങ്ങിയോ? നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കാൻ അദ്ദേഹം തയാറായോ? ഒരു വശത്ത് ഇങ്ങനെയൊരു മുഖ്യമന്ത്രി. മറുവശത്ത്, തന്റെ കൈവശമുള്ള എല്ലാ രേഖകളും നൽകാമെന്നും അഴിമതി കണ്ടെത്താനും വെല്ലുവിളിക്കുന്ന മാത്യു കുഴൽനാടൻ. അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന സിപിഎമ്മുകാർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. സിപിഎമ്മിന്റെ അണികൾക്കു പോലും ഇതിൽ സംശയമുണ്ടാകില്ല എന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്.’

പാർട്ടി ഫണ്ടിലേക്കു കാശു വാങ്ങിയതാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞിട്ടുണ്ട്. പാർട്ടി എല്ലാവരോടും പാർട്ടി ഫണ്ടിലേക്ക് കാശു വാങ്ങുന്നുണ്ട്. കാശു വാങ്ങാതെ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന് പ്രവർത്തിക്കാനാകുമോ? കാശു വാങ്ങുന്നതിനെക്കുറിച്ച് വി.എം.സുധീരൻ പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പാർട്ടി നടക്കണമെങ്കിൽ പാർട്ടിക്കു ഫണ്ടു വേണം. ഫണ്ട് ഉണ്ടെങ്കിൽ മാത്രമേ പാർട്ടി മുന്നോട്ടു പോകൂ.’ – സുധാകരൻ പറഞ്ഞു.

Related Articles

Latest Articles