Friday, May 10, 2024
spot_img

തായ്‌വാന്റെ സമുദ്രാതിർത്തി ലംഘിച്ച് ചീറിപ്പാഞ്ഞ് ചൈനീസ് യുദ്ധവിമാനങ്ങൾ ! പ്രകോപിപ്പിച്ചത് തായ്‌വാൻ ഉപരാഷ്ട്രപതിയുടെ അമേരിക്കൻ സന്ദർശനം ! പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ചൈനീസ് കടന്നുകയറ്റത്തിൽ തായ്‌വാൻ ഭരണകൂടം ആശങ്കയിൽ; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 ചൈനീസ് വ്യോമസേനാ വിമാനങ്ങൾ തായ്‌വാന്റെ സമുദ്രാതിർത്തി ലംഘിച്ച് പറന്നതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച് Su-30, J-11 തുടങ്ങിയ യുദ്ധവിമാനങ്ങളാണ് ഇന്നലെ സമുദ്രാതിർത്തി ലംഘിച്ചുകൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തിയത് .

തായ്‌വാൻ വൈസ് പ്രസിഡൻറ് വില്യം ലായി ഈയിടെ നടത്തിയ അമേരിക്കൻ സന്ദർശനത്തോടുള്ള പ്രതിഷേധമായാണ് ചൈന നടത്തിയ സൈനികാഭ്യാസത്തെ വിലയിരുത്തുന്നത്. എന്നാൽ വായുമാർഗവും കടൽ മാർഗവുമുള്ള സേനയുടെ കരുത്ത് പരീക്ഷിക്കാനും യഥാർത്ഥ പോരാട്ട സാഹചര്യങ്ങളിൽ തയ്യാറെടുക്കുവാനുള്ള മോക്ഡ്രില്ലായുമാണ് സൈനികാഭ്യാസം സംഘടിപ്പിച്ചത് എന്നാണ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വാദം. തായ്‌വാനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ചൈനീസ് കടന്നുകയറ്റത്തെ ആശങ്കയോടെയാണ് തായ്‌വാൻ ഭരണകൂടം കാണുന്നത്. ആരാണ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് എന്ന് തീരുമാനിക്കേണ്ടത് ചൈനയല്ലെന്ന് ഈ അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ ലായി പറഞ്ഞിരുന്നു.തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ചൈനീസ് നീക്കങ്ങൾ തായ്‌വാനിലെ ജനാധിപത്യത്തിന്റെ ആത്മാവിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തായ്‌വാൻ ചൈനയുടെ ഭാഗമല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ അദ്ദേഹം അന്താരാഷ്ട്ര സമൂഹവുമായി ബന്ധപ്പെട്ട് ചൈനയുമായി ചർച്ച നടത്താൻ തയ്യാറാണെന്നും പറഞ്ഞു.

അതെ സമയം തായ്‌വാന് മേലുള്ള സമ്മർദ്ദം അവസാനിപ്പിക്കണമെന്ന് ചൈനയോട് അമേരിക്ക ആവശ്യപ്പെട്ടു
തായ്‌വാനെതിരെയുള്ള സൈനിക, നയതന്ത്ര, സാമ്പത്തിക മേഖലകളിലുള്ള സമ്മർദ്ദം ചൈന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും തായ്‌വാന്റെ അതിർത്തി കടന്നുള്ള ചൈനീസ് അഭ്യാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തോട് വ്യക്തമാക്കി.

Related Articles

Latest Articles