Thursday, May 2, 2024
spot_img

“സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് അടിച്ചിരുത്താൻ !കുഴപ്പം കാണിക്കുന്നത് പോലീസിന്റെ ഗുണ്ടകൾ” ! രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ !

തിരുവനന്തപുരം: കെപിസിസിയുടെ ഡിജിപി ഓഫിസ് മാർച്ചിനെതിരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിൽ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. മുകളിൽ നിന്നുള്ള നിർദേശപ്രകാരമാണ് പോലീസിന്റെ നടപടിയെന്ന് സുധാകരൻ ആരോപിച്ചു. പൊലീസിന്റെ ഗുണ്ടകളാണു കുഴപ്പം കാണിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം പോലീസിന്റെ അകത്തുതന്നെ ഗുണ്ടകളെ ഇതിനുവേണ്ടി മാത്രം നിർത്തുകയാണെന്നും പോലീസുകാർ, ക്രിമിനൽ പോലീസുകാർ, ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാർ എന്നിങ്ങനെ ബാച്ച് തിരിച്ചിട്ടുണ്ടെന്നും ആരോപിച്ചു.

അതേസമയം കെപിസിസിയുടെ ഡിജിപി ഓഫിസിലേക്കുള്ള മാർച്ച് തുടക്കത്തിൽ തന്നെ സംഘർഷഭരിതമായതോടെ പ്രതിഷേധം കടുപ്പിക്കാനാണു കോൺഗ്രസ് തീരുമാനം.

“ഞങ്ങളുടെ തലയിലൊക്കെ വെള്ളം വീഴുന്നു. അതോടൊപ്പം പൊട്ടുന്ന ശബ്ദവും കേട്ടു. പുകവന്നപ്പോൾ ശ്വാസം തടസ്സപ്പെട്ടു. മുതിർന്ന നേതാക്കന്മാർ സംസാരിക്കുമ്പോൾ സാധാരണ ഇങ്ങനെ ചെയ്യാറില്ല. സമാധാനപരമായി ഞാൻ സംസാരിച്ച് അവസാനിപ്പിക്കുകയായിരുന്നു. ഈ യാത്ര തുടങ്ങിയ കാസർഗോഡെല്ലാം പോലീസിന് കുറച്ചൊക്കെ നിയന്ത്രണം ഉണ്ടായിരുന്നു. ഡിവൈഎഫ്‍യുടെ ഗുണ്ടകളാണു പുറത്ത് കുഴപ്പങ്ങൾ കാണിച്ചത്. ഇപ്പോ പോലീസിന്റെ ഗുണ്ടകളാണു കുഴപ്പം കാണിക്കുന്നത്. പോലീസിന്റെ അകത്തുതന്നെ ഗുണ്ടകളെ ഇതിനുവേണ്ടി മാത്രം നിർത്തുകയാണ്. പോലീസുകാർ, ക്രിമിനൽ പൊലീസുകാർ, ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാർ എന്നിങ്ങനെ ബാച്ച് തിരിച്ചിട്ടുണ്ടെന്നാണു വിവരം. അവർക്ക് ഉത്തരവാദിത്തം കൊടുത്തിട്ടുണ്ട്. അവരാണ് പ്രശ്നങ്ങളുടെ മൂലകാരണം.

എന്തുകാര്യത്തിനാണ് ഞങ്ങൾക്കെതിരെ കണ്ണീർ വാതകം പ്രയോഗിച്ചതെന്ന് എനിക്കറിയില്ല. കെപിസിസി ജനറൽ സെക്രട്ടറി ശ്വാസം കിട്ടാതെ വീണു. മുകളിൽനിന്നും നിർദേശം ഇല്ലാതെ ഇതുപോലെ പുക വരുന്ന രീതിയിലുള്ള പ്രയോഗം നടക്കുമോ? ശ്വാസം കിട്ടാതെ ആൾ മരിക്കില്ലേ? അടിച്ചിരുത്താനാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. ഏതു തലത്തിൽ അക്രമം നടത്തിയാലും അക്രമത്തിന്റെ മുമ്പിൽ തലകുനിച്ച് കോൺഗ്രസ് നിൽക്കില്ല. കൈകെട്ടി നോക്കിനിൽക്കില്ല. ജനാധിപത്യപരമായി രീതിയിൽ പ്രതികരിച്ചുകൊണ്ടേയിരിക്കും” – കെ സുധാകരൻ പറഞ്ഞു.

Related Articles

Latest Articles