അഗളി:അമ്മയാനയുടെ അടുത്തുനിന്ന് കൂട്ടംതെറ്റി ജനവാസമേഖലയില്‍ എത്തിയ കാട്ടാനക്കുട്ടി ഇപ്പോൾ തരംഗമായിരിക്കുകയാണ്.കുട്ടിയാന എന്ന എല്ലാ പരിഗണനയും നൽകിക്കൊണ്ടാണ് വനപാലകർ ആനയെ സംരക്ഷിക്കുന്നത്.കുട്ടിക്കൊമ്പന്റെ കുട്ടിത്തത്തിനും കുറുമ്പിനും എല്ലാം വനപാലകർ ഒപ്പം തന്നെയുണ്ട്.ഇപ്പോൾ ദൊഡ്ഡുക്കട്ടി കൃഷ്ണവനത്തിൽ അമ്മയേയും കാത്തിരിക്കുകയാണ് ഒരു വയസുള്ള കുട്ടിക്കൊമ്പൻ. വനംവകുപ്പ് ഒരുക്കിയ കൂട്ടിലാണ് കാട്ടാനക്കുട്ടിയുള്ളത്. ‘കൃഷ്ണ’ എന്നാണ് കുട്ടിക്കൊമ്പന് വനപാലകര്‍ നല്‍കിയിരിക്കുന്ന പേര്. കൃഷ്ണവനത്തിൽ നിന്ന് ഇറങ്ങിവന്നതിനാൽ ആണ് കൃഷ്ണ എന്ന പേര് നൽകിയിരിക്കുന്നത്. അമ്മയാന തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
വ്യാഴാഴ്ചയാണ് അമ്മയാനയുമായി ഒരു വയസ്സുള്ള കുട്ടിക്കൊമ്പൻ കാടിറങ്ങിവന്നത്. ജനവാസമേഖലയിൽ കുട്ടിക്കൊമ്പനെ തനിച്ചാക്കി അമ്മയാന കാടുകയറുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളാണ് കാട്ടാനക്കുട്ടിയെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്കൊമ്പനായി വനംവകുപ്പ് താത്ക്കാലിക കൂടൊരുക്കുകയായിരുന്നു.അമ്മയെ കണ്ടെത്തി കാട്ടാനക്കുട്ടിയെ ഒപ്പം ചേർത്ത് ആനക്കൂട്ടത്തെ വനപാലകർ കാടു കയറ്റിയിരുന്നു. എന്നാൽ, വൈകീട്ടോടെ കാട്ടാനക്കുട്ടി കാടിറങ്ങുകയായിരുന്നു. വീണ്ടും കാട്ടിലേക്ക് വിടാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും അതും വിജയിച്ചില്ല. കാട്ടാനയെ കാടുകയറ്റുന്നത് കാണാൻ ആളുകൾ കൂടിയതാണ് പ്രശ്നമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

