Tuesday, June 4, 2024
spot_img

കെ.എസ്.ഇ.ബി വിവാദം: മുൻ മന്ത്രി എംഎം മണിയ്ക്ക് കുരുക്ക് മുറുകുന്നു? മൂന്നാറിൽ നിയമ വിരുദ്ധ നിർമ്മാണത്തിന് ഭൂമി നൽകിയത് സിപിഎം ഭരിക്കുന്ന സഹകരണബാങ്കിന്; വിവാദത്തിൽ പുതിയ തെളിവുകൾ പുറത്ത്

ഇടുക്കി: കെ.എസ്.ഇ.ബി വിവാദത്തിൽ (KSEB Controversy) തലപുകഞ്ഞ് സിപിഎം. സംഭവത്തിൽ മുൻ മന്ത്രി എംഎം മണിയ്ക്ക് കുരുക്ക് മുറുകുകയാണെന്നാണ് റിപ്പോർട്ട്. കെ എസ് ഇ ബി ഭൂമി വിവാദത്തിൽ പുതിയ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. മൂന്നാറിൽ കൈമാറിയ ഭൂമിയിൽ നിയമ വിരുദ്ധ നിർമ്മാണവും നടത്തിയെന്ന് വ്യക്തമായിരിക്കുകയാണ്. സി പി എം ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിനാണ് ഭൂമി നൽകിയിരുന്നത്.

ഇവിടെ കളക്ടറുടെ എൻഒസി വാങ്ങാതെ നിർമ്മാണം നടത്തി. എൻഒസി വേണമെന്ന ഹൈക്കോടതി ഉത്തരവും ലംഘിച്ചു. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് അതീവ സുരക്ഷ മേഖലയിൽ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം എൻഒസിക്ക് അപേക്ഷ നൽകിയിരുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് കെ വി ശശി പറഞ്ഞു.

നിബന്ധനകൾ പാലിച്ചാണ് ഭൂമി ലഭിച്ചതെന്നും കെ വി ശശി പറഞ്ഞു. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് മൂന്നാറിൽ ഹൈഡൽ ടൂറിസം പദ്ധതിക്ക് ഭൂമി നൽകിയത് ബോർഡ് അറിയാതെ ആണെന്നായിരുന്നു കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകിന്റെ ആരോപണം. ഇതേത്തുടർന്ന് രേഖകൾ വീണ്ടും പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു. കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകും സി ഐ ടി യു നേതൃത്വത്തിലുള്ള ഇടത് യൂണിയനും തമ്മിലുള്ള പരസ്യ പോരിനിടെയാണ് അനധികൃത ഭൂമി കൈമാറ്റം വ്യക്തമാക്കി കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് രം​ഗത്തെത്തിയത്. ടൂറിസം വികസനത്തിന് സി പി എം ഭരണത്തിലുള്ള പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടു നൽകിയെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് പറഞ്ഞത്.

ഫുൾ ബോർഡോ സർക്കാരോ അറിയാതെ ജൂനിയറായ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ നൂറു കണക്കിന് ഏക്കർ ഭൂമി വാണിജ്യ പാട്ടത്തിന് നൽകിയത് കമ്പനിയുടെ ഉത്തമ താൽപര്യം നിലിർത്തിയാണോയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് ചോദിച്ചി‌രുന്നു. മുൻ വൈദ്യുതി മന്ത്രി എം എം മണിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ടിരുന്ന കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേൽൻ പ്രസിഡന്റ് എം ജി സുരേഷ് കുമാരിന്റഎ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയായിട്ടായിരുന്നു മുൻ മന്ത്രി എം എം മണിയെ അടക്കം സംശയ നിഴലിലാക്കിയുള്ള കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകിന്റെ പോസ്റ്റ്.

അതിനിടെ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകും സി ഐ ടി യു നേതൃത്വത്തിലുള്ള ഇടത് യൂണിയനും തമ്മിലുള്ള തർക്ക പരിഹാരത്തിന് രാഷ്ട്രീയ ഇടപെടൽ നടത്താൻ തീരുമാനമായി. വൈദ്യുതി മന്ത്രി എൽഡിഎഫ് കൺവീനർ,സിഐടിയു നേതൃത്വം എന്നിവർ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകുമാറുമായി ചർച്ച നടത്താനാണ് തീരുമാനിച്ചത്. വൈദ്യുതി ഭവന് സി ഐ എസ് എഫ് സുരക്ഷ ഒരുക്കിയതിനെതിരേയും സി ഐ ടി യു രം​ഗത്തെത്തിയിരുന്നു. എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയര്‍മാന്‍റെ പ്രധാന ആക്ഷേപം.

സർക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കി. ഇതിപ്പോള്‍ ഏജിയുടെ വിശദീകരണം തേടലില്‍ എത്തിയിരിക്കുന്നു. ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കി. ചട്ടവിരുദ്ധമായി നിലപാട് ഫയലില്‍ എഴുതി ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എഞ്ചിനിയർക്കുമേൽ യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തി എന്നും ചെയർമാൻ ആരോപിച്ചു.

എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്ന ചെയർമാൻ ഡോ ബി അശോകിന്റെ ആരോപണങ്ങളെ ന്യായീകരിക്കാൻ വൈദ്യുത മന്ത്രിയെ പഴിചാരിയാണ് മുൻ മന്ത്രി എംഎം മണി രംഗത്തുവന്നത്. വൈദ്യുതി ബോർഡ് ചെയർമാൻ അശോകൻ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്? അതോ മന്ത്രിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ എംഎം മണി ചോദിച്ചു.

അതേസമയം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ പ്രതികരണം നടത്താം. അല്ലാതെ പറഞ്ഞതിനെല്ലാം ഇപ്പോൾ മറുപടി പറയാനില്ല. താൻ മന്ത്രിയായിരിക്കെ വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവർത്തനം നടത്തി. വൈദ്യുതി ഉൽപ്പാദനം ഉയർത്തി. ഇടത് മന്ത്രിമാരിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ പ്രവർത്തിച്ചുവെന്നും, മന്ത്രി തുറന്നടിച്ചു. കെഎസ്ഇബി ചെയർമാനും ഇടതുയൂണിയനുകളും തമ്മിലുള്ള പോര് ആണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.

Related Articles

Latest Articles