Saturday, May 4, 2024
spot_img

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു; ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പ് സംഭരണ പരിധിയോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

നിലവില്‍ 2390.86 അടിയാണ് ജലനിരപ്പ്. പരമാവധി സംഭരണപരിധി 2403 അടിയാണ്. അതേസമയം ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിക്കുന്നത്.

ഡാം റൂൾ കർവ് പ്രകാരം ഒക്ടോബർ 20 വരെ 2395 അടിയാണ് പരമാവധി അനുവദനീയമായ ജലനിരപ്പ്. പരമാവധി ജലനിരപ്പിലെത്താൻ 5 അടി ബാക്കിയുള്ളുപ്പോഴാണ് ബ്ലൂ അലർട്ട് പ്രഖ്യാപിക്കുക. 3 അടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ടും 4 അടി ഉയർന്നാൽ റെഡ് അലർട്ടും പിന്നെയും ഒരടി കൂടി ഉയർന്നാൽ ഡാം തുറന്നു വിടുകയും ചെയ്യും

ഡാമിലെ ജലനിരപ്പ് 2396 അടിയായാല്‍ മാത്രമാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും . റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കണമെങ്കില്‍ ജലനിരപ്പ് 2397 അടിയാകണം. പരമാവധി സംഭരണ പരിധിയായ 2403 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ മാത്രമേ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുകയുള്ളു.

ഇതിന് 36 മണിക്കൂര്‍ മുന്‍പെങ്കിലും ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര ജല കമ്മിഷന്‍ നിര്‍ദേശം. അതേത്തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ ഈ ജാഗ്രതാ നിർദേശം.

എന്നാൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നില്ല. നീരോഴുക്കും കുറവാണ്. അതുകൊണ്ട് തന്നെ നിലവിലെ അവസ്ഥയില്‍ ഡാമിലെ ജലനിരപ്പ് ഇനി ഉയരാന്‍ സാധ്യതയില്ലെന്നാണ് സൂചന.

അതേസമയം കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. കോഴിക്കോട്, വയനാട് എന്നിവയൊഴികെയുള്ള ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയും കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. കഴിഞ്ഞ ദിവസം അറബിക്കടലിലും ബംഗാള്‍ ഉല്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം.

തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ നാളെ മഴ പെയ്യുമെന്ന മുന്നറിയിപ്പുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്.

മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ അത് കണക്കിലെടുത്തുള്ള മുന്‍കരുതല്‍ വേണം. തീരദേശ മേഖലയിലും ജാഗ്രതാ നിര്‍ദേശമുണ്ട്. മഴ കണക്കിലെടുത്ത് ഇന്നും നാളെയും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.

Related Articles

Latest Articles