പാലക്കാട്: കുഴല്‍മന്ദത്ത് കെഎസ്‌ആര്‍ടിസി ബസ്സിടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ സി എസ് ഔസേപ്പിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്‌തത്. ദൃക്സാക്ഷികളുടെയും, സിസിടിവി ദൃശ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ് ചേർത്തത്.
ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ് പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 7 നാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസ് തട്ടി പാലക്കാട് സ്വദേശി ആദര്‍ശ്, ഉദയന്‍ കുന്ന് സ്വദേശി സബിത്ത് എന്നിവർ മരിച്ചത്.
സിസിടിവിയിൽ റോഡിന്റെ ഇടത് ഭാഗത്ത് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് വ്യക്തമായിക്കാണണമെന്ന് പോലീസ് പറഞ്ഞു. അപകട ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.

