തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 12 മണിക്കൂർ നീളുന്ന സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ നടപ്പിലാക്കും. ഹൈക്കോടതി വിധി കണക്കിലെടുത്ത് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്കും പിൻവലിച്ചു. സിംഗിൾ ഡ്യൂട്ടി സംവിധാനത്തിനെതിരെയായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പണിമുടക്കിൽ നിന്ന് പിൻമാറുന്നതിൽ ഒരു വിഭാഗത്തിണ് എതിർപ്പുണ്ടായിരുന്നു. ഇത് സമവായത്തിലെത്തിച്ച ശേഷമാണ് യൂണിനുകൾ പണിമുടക്ക് പിൻവലിച്ചത്.
8 ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് മാനേജ്‍മെന്റ് തീരുമാനം മാറ്റിയത്. 8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
അതേസമയം, തൊഴിലാളികളുടെ പണിമുടക്ക് മുൻകൂട്ടിക്കണ്ട് സർവീസുകൾ തടസ്സപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങൾ മാനേജ്‌മെന്റ് നേരത്തെ നടത്തിയിരുന്നു. നവരാത്രിയോടനുബന്ധിച്ചുള്ള പൂജാ അവധി പ്രമാണിച്ച് തിരക്ക് ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചായിരുന്നു ഈ ക്രമീകരണം. പണിമുടക്കുന്നവർക്ക് ശമ്പളം നിഷേധിച്ചുകൊണ്ട്, ഡയസ്‌നോൺ ഉത്തരവും ഇറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അവസാന നിമിഷം പണിമുടക്ക് പിൻവലിച്ചതായി ടിഡിഎഫ് അറിയിച്ചത്.
കെഎസ്ആർടിസിയിൽ പരമാവധി 12 മണിക്കൂർ നീളുന്ന സിംഗിൾ ഡ്യൂട്ടി സംവിധാനം ഇന്ന് മുതൽ നടപ്പിലാകും. തൊഴിലാളി സംഘടനകളുടെ എതിർപ്പ് കുറഞ്ഞതോടെയാണ് സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കുന്നത്. പാറശാല ഡിപ്പോയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡ്യൂട്ടി പരിഷ്‌കരണം ആദ്യം നടത്തുക.

