Saturday, April 20, 2024
spot_img

സ്വകാര്യ വീഡിയോ വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

ആറ്റിങ്ങല്‍: കെഎസ്ആര്‍ടിസി ഡ്രൈവര്‍ അടിവസ്ത്രം ധരിക്കുന്ന വീഡിയോ വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതു. സ്ത്രീകളടക്കമുള്ളവർ ഈ ഗ്രൂപ്പിലെ അംഗങ്ങളാണ്. തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന എം സാബുവിനെയാണ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്ന് ഇയാൾ താല്‍ക്കാലികമായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അംഗീകൃത സംഘടനയുടെ വാട്‌സ് ആപ് ഗ്രൂപ്പിലാണ് ഇയാള്‍ അടിവസ്ത്രം ധരിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തത്. ഗ്രൂപ്പില്‍ മുപ്പത്തിയഞ്ചോളം അംഗങ്ങളും സ്ത്രീകളാണ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം നടന്നത്.

ഗ്രൂപ്പ് അംഗങ്ങൾ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകി. നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി ഗിരീഷാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്. ഓണ്‍ലൈന്‍ പഠനത്തിനായി ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍ ജീവനക്കാരുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ടത് അവമതിപ്പുണ്ടാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഡ്രൈവറുടെ പ്രവൃത്തി അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവുമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഗവ. അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.

Related Articles

Latest Articles