450 ഗ്രാംസ്വര്‍ണം മോഷ്ടിച്ച് കടന്ന ബംഗാള്‍ സ്വദേശി അറസ്റ്റില്‍

0
arrest
arrest

കോഴിക്കോട്: ജോലിക്കു നിന്ന ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടന്ന ബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സ്വര്‍ണത്തില്‍ നിന്നും 150 ഗ്രാം ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കോഴിക്കോട് കസബ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ ശ്യാംപൂര്‍ സ്വദേശി ദീപക് പ്രമാണിക്ക് (36) ആണ് അറസ്റ്റിലായത്. കസബ സിഐ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒരു മാസത്തെ ശ്രമത്തിനൊടുവിലാണ് ഇയാളെ ബംഗാളില്‍ നിന്നും പിടികൂടിയത്. നടുവണ്ണൂര്‍ സ്വദേശി സാദിക്കിന്റെ ഡാസില്‍ എന്ന സ്ഥാപനത്തില്‍ നിന്നും കഴിഞ്ഞ ഒക്‌റ്റോബര്‍ ആറിന് തൊഴിലാളിയായ ദീപക് സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു.

ശേഷം തൃശൂര്‍, എറണാകുളം ബംഗാളിലെ 24 ഫര്‍ഗാന എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ഇയാളെ തേടി ഒരു പ്രാവിശ്യം പൊലീസ് എത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡി.സി.പി. സ്വപ്നില്‍ മഹാജന്‍ ബംഗാള്‍ പൊലീസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കായി കെണിയൊരുക്കി. അന്വേഷണ സംഘത്തില്‍ സി.ഐ. ശ്രീജിത്ത് ടി.എസിന് പുറമെ സീനിയര്‍ സി.പി.ഒ മാരായ ഷിറില്‍ദാസ്, പി. മനോജ്, സി.പി.ഒ. പ്രനീഷ് എന്നിവരുമുണ്ടായിരുന്നു. എ.സി.പി. ബിജുരാജ്, കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.